24 April 2024 Wednesday

പൊന്നാനിയിലെ അതിഥികള്‍ക്ക് ആപ്പ് ഒരുങ്ങി വിരുന്നുകാര്‍ക്ക് ആപ്പ് തയ്യാറാക്കിയത് ചങ്ങരംകുളം ചിയ്യാനൂര്‍ സ്വദേശി

ckmnews



പൊന്നാനി:കോവിഡ് പശ്ചാത്തലത്തിൽ നാട്ടിലുള്ള അതിഥി തൊഴിലാളികളുടെ സമഗ്രമായ വിവരശേഖരണത്തിന് പൊന്നാനി നഗരസഭയുടെ  അതിഥി ആപ്പ് ഒരുങ്ങി.ചങ്ങരംകുളം ചിയ്യാനൂര്‍ സ്വദേശിയായ മജീദ് ആണ് പൊന്നാനി നഗരസഭക്ക് വേണ്ടി നഗരസഭ പരിധിയിലെ മുഴുവന്‍ അതിഥി തൊഴിലാളികളുടെയും പൂര്‍ണ്ണവിവരങ്ങള്‍ വിരല്‍ തുമ്പില്‍ ലഭിക്കുന്നതിനായി ആപ്ളിക്കേഷന്‍ രൂപകല്‍പന ചെയ്തത്.നഗരസഭ തയ്യാറാക്കിയ ഈ ആപ്പ്  പോലീസ്, റവന്യു, ലേബർ എന്നീ വകുപ്പുകൾക്ക് കൂടി ഉപകാരപ്പെടുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. പ്രാഥമിക ഘട്ടത്തിൽ ശേഖരിച്ച വിവരങ്ങൾ നഗരസഭ നിർമ്മിച്ച അതിഥി ആപ്പ് വഴി ക്രോഡീകരിച്ചു കഴിഞ്ഞു. നഗരസഭാ തല അതിഥി തൊഴിലാളി മോണിറ്ററിംഗ് സമിതിയുടെ അഭ്യർത്ഥന പ്രകാരമാണ് മജീദ് സൗജന്യമായി ആപ്പ് തയ്യാറാക്കി നല്‍കിയത്.നഗരസഭ പരിധിയിലെ അതിഥി തൊഴിലാളികളുടെ കൃത്യമായ കണക്കും,അവർക്ക് വേണ്ട  ഇടപെടലും ഇതുവഴി ലഭ്യമാകും.ജിയോ ടാഗ് വഴി ഓരോ പ്രദേശത്തെയും അതിഥി തൊഴിലാളികളുടെ    സാന്ദ്രത മനസ്സിലാക്കാനും അതിനനുസരിച്ചു ക്രമീകരണം ഏർപ്പെടുത്താനും ആപ്പ് വഴി നഗരസഭക്ക് കഴിയും.അതിഥി തൊഴിലാളികൾക്കിടയിലെ ക്രിമിനൽ പശ്ചാത്തലം ഉള്ളവരുടെ വിവരങ്ങളും ആപ്പിൽ ലഭ്യമാകും.മാത്രമല്ല ഹോട്ടൽ ഉൾപ്പെടെയുള്ള ഭക്ഷ്യ വിതരണ രംഗത്ത് കൃത്യമായ ശാരീരിക ആരോഗ്യമുള്ളവർ ആണ് പണിയെടുക്കന്നത് എന്ന്‌ ഉറപ്പുവരുത്താനും ഇതു വഴി നഗരസഭക്ക്‌ സാധിക്കും. നഗരസഭ പരിധിയിലെ അതിഥി തൊഴിലാളികളുടെ വിശദ വിവരങ്ങൾ നഗരസഭുടെയും പോലീസിന്റേയും പക്കൽ സൂക്ഷിക്കും. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ നിർമ്മിച്ച ആപ്പ് ഭാവിയിലും ഉപകാരപ്പെടുന്ന  രീതിയിലാണ് വിഭാവനം ചെയ്യുന്നത്.അതിഥി ആപ്പിൻ്റെ ലോഞ്ചിംഗ് നഗരസഭ ചെയർമാൻ സി.പി മുഹമ്മദ് കുഞ്ഞി നിർവ്വഹിച്ചു. നഗരസഭ സെക്രട്ടറി ആർ.പ്രദീപ് കുമാർ, അസിസ്റ്റന്റ് ലേബർ ഓഫീസർ കെ.കെ സാവിത്രി, വില്ലേജ് ഓഫീസർമാരായ കെ.ഗീത, മനു ജോസഫ് ഇമ്മാനുവൽ എന്നിവർ സംബന്ധിച്ചു.