19 April 2024 Friday

നല്ലൊരു റോഡില്ലാത്ത ദുരിതം തീരുന്നില്ല:ഇപ്പോ മൊബൈലില്‍ റൈഞ്ചുമില്ല.. കുട്ടികളുടെ ഓണ്‍ലൈന്‍ പഠനവും മുടങ്ങി തുറുവാണം ദ്വീപ് നിവാസികള്‍

ckmnews

നല്ലൊരു റോഡില്ലാത്ത ദുരിതം തീരുന്നില്ല:ഇപ്പോ മൊബൈലില്‍ റൈഞ്ചുമില്ല..


കുട്ടികളുടെ ഓണ്‍ലൈന്‍ പഠനവും മുടങ്ങി തുറുവാണം ദ്വീപ് നിവാസികള്‍


പൊന്നാനി താലൂക്കിലെ മാറഞ്ചേരി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന തുറുവാണം ദ്വീപുകാരുടെ ദുരിതം ഇന്നു ഇന്നലെയും തുടങ്ങിയതല്ല.ആകെയുള്ള യാത്രമാര്‍ഗമായ റോഡ് മഴക്കാലമാവുന്നതോടെ  വെള്ളത്തിനടിയിലാവും പിന്നീട് ഇവര്‍ക്ക് പുറം ലോകം കാണണമെങ്കില്‍ തോണി തുഴയണം.


 ദ്വീപിലെ ഇരുന്നൂറോളം കുടുംബങ്ങള്‍ ദുരിതം പേറാന്‍ തുടങ്ങിയിട്ട് കാലം ഏറെ കഴിഞ്ഞെങ്കിലും വര്‍ഷങ്ങളായി മുറവിളി കൂട്ടുന്ന പാലം എന്ന സ്വപ്നം ഇപ്പോഴും കടലാസിലാണ്.ഓരോ വര്‍ഷവും ഇവര്‍ക്ക് ലഭിക്കുന്ന അധികൃതരുടെ മോഹനവാഗ്ദാനങ്ങള്‍ മാത്രമാണ് ഇവരുടെ ജീവിത പ്രതീക്ഷകള്‍.



കോവിഡ് പ്രതിസന്ധിയും നിയന്ത്രണങ്ങളും കൂടി വന്നതോടെ ദ്വീപ് നിവാസികളുടെ ദുരിതം കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണ്.


മൊബൈലുകള്‍ക്ക് വേണ്ടത്ര നെറ്റ് വര്‍ക്കില്ലാത്തതാണ് 200 ഓളം കുടുബങ്ങള്‍ താമസിക്കുന്ന പ്രദേശത്തെ കൂടുതല്‍ ദുരിതത്തിലാക്കുന്നത്.


കുട്ടികളുടെ പഠനം കൂടി ഓണ്‍ലൈന്‍ വഴി ആയതോടെ നെറ്റ് വര്‍ക്ക് കിട്ടാതെ പഠനം മുടങ്ങുമെന്ന ആശങ്കയിലാണ് ദ്വീപിലെ വിദ്യാര്‍ത്ഥികള്‍


 


കാലവര്‍ഷം കനക്കുന്നതോടെ ദ്വീപിന് ചുറ്റുമുള്ള കോള്‍പാടങ്ങളില്‍ നിന്ന് റോഡിലേക്ക് വെള്ളം ഇരച്ചുകയറുന്നത് ഇവരുടെ ജീവിതം തന്നെ ദുസ്സഹമാക്കാറുണ്ട്.


പാലം നിര്‍മിക്കുമെന്ന ബജറ്റ് പ്രഖ്യാപനം വാക്കുകളില്‍ മാത്രം ഒതുങ്ങിയതോടെയാണ് ദ്വീപ് നിവാസികളുടെ ജീവിതം വഴിമുട്ടിയത്.


കാലവര്‍ഷമെത്തിയാല്‍ ഭീതി വിതയ്ക്കുന്ന ചുഴിയും വെള്ളത്തിന്റെ കുത്തൊഴുക്കും കടന്നുവേണം തുറുവാണം ദ്വീപുകാര്‍ക്ക് പുറംലോകത്തെത്താന്‍. പതിറ്റാണ്ടുകളായി വിവിധ രാഷ്ട്രീയ പാര്‍ട്ടിയിലുള്ളവര്‍ മാറി മാറി അധികാരത്തിലെത്തിയെങ്കിലും തുറുവാണത്തുകാരുടെ ആവശ്യങ്ങള്‍ ഇപ്പോഴും വാഗ്ദാനങ്ങളിലാണ്.



മഴ കനക്കുമ്പോള്‍ ബോട്ടിലാണ് ദ്വീപുകാര്‍ ഇക്കരെയെത്തിയിരുന്നത്.ലക്ഷങ്ങള്‍ മുടക്കി റോഡ് ഉയര്‍ത്തിയെങ്കിലും വെള്ളത്തിന്റെ കുത്തൊഴുക്കില്‍ അതും നശിച്ചു തുടങ്ങി.


എത്രയും പെട്ടെന്ന് കുട്ടികളുടെ പഠനം തുടരാന്‍ ആവശ്യമായ നെറ്റ് വര്‍ക്ക് സൗകര്യമെങ്കിലും പ്രദേശത്ത് ലഭ്യമാക്കാന്‍ വേണ്ട സൗകര്യമെങ്കിലും ചെയ്ത് തരാന്‍ അധികൃതര്‍ ക്ക് കനിവുണ്ടാവണമെന്നാണ് പ്രദേശവാസികള്‍ കണ്ണീരോടെ പറയുന്നത്.