20 April 2024 Saturday

കടിച്ചാല്‍ പൊട്ടാത്ത ഡയലോഗാണെങ്കില്‍ മമ്മൂട്ടി വഴക്കുണ്ടാക്കും: ഞെട്ടിച്ചത് മഞ്ജു: തുറന്ന് പറഞ്ഞ് രഞ്ജി പണിക്കര്‍

ckmnews

കടിച്ചാല്‍ പൊട്ടാത്ത ഡയലോഗാണെങ്കില്‍ മമ്മൂട്ടി വഴക്കുണ്ടാക്കും: ഞെട്ടിച്ചത് മഞ്ജു: തുറന്ന് പറഞ്ഞ് രഞ്ജി പണിക്കര്‍


മലയാള സിനിമയില്‍ രഞ്ജി പണിക്കറുടെ സ്ഥാനം പകരംവെക്കാനില്ലാത്തതാണ്. തിരക്കഥാകൃത്തായും സംവിധായകന്‍ ആയും നടനായും നിര്‍മാതാവായുമെല്ലാം അദ്ദേഹം മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മമ്മൂട്ടിയുടേയും സുരേഷ് ഗോപിയുടേയും മോഹന്‍ലാലിന്റേയുമെല്ലാം തീപ്പൊരി കഥാപാത്രങ്ങള്‍ പിറന്നത് രഞ്ജിയുടെ തൂലികയിലാണ്. ദ കിംഗ്, കമ്മീഷ്ണര്‍, പത്രം, പ്രജ, ലേലം തുടങ്ങി മലയാളികളെ ഇന്നും ആവേശം കൊള്ളിക്കുന്ന സിനിമകളുടെ രചയിതാവാണ് രഞ്ജി. രഞ്ജി പണിക്കരുടെ സിനിമകളുടെ പ്രധാന സവിശേഷതയാണ് അതിലെ തീപ്പൊരി ഡയലോഗുകള്‍.


രഞ്ജി എഴുതിക്കൊടുത്ത നെടുനീളന്‍ ഡയലോഗുകള്‍ പറഞ്ഞ് കയ്യടി നേടിയവരാണ് മമ്മൂട്ടിയും സുരേഷ് ഗോപിയും മഞ്ജു വാര്യരുമൊക്കെ. ലേലത്തിലെ സോമന്റെ പ്രകടനമൊക്കെ മലയാളി എങ്ങനെ മറക്കാനാണ്. എന്നാല്‍ കാണുന്നത് പോലെ അത്ര സുഖമല്ല ഈ ഡയലോഗുകള്‍ പഠിച്ച് വച്ച് പറയുക എന്നത്. തന്റെ സിനിമകളില്‍ തീപ്പൊരി ഡയലോഗുകള്‍ പറഞ്ഞ താരങ്ങളെ കുറിച്ച് രഞ്ജി പണിക്കര്‍ മനസ് തുറക്കുകയാണ്. മനോരമ ഓണ്‍ലൈനിന് നല്‍കിയൊരു അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ് തുറന്നത്.


ഞാന്‍ ലൊക്കേഷനിലിരുന്ന് എഴുതുന്ന ശീലമുള്ളയാളാണ്. സോമേട്ടന്‍ നല്ല വഴക്കാളിയായത് കൊണ്ട് ഞങ്ങള്‍ തമ്മില്‍ എപ്പോഴും വഴക്കുണ്ടാകുമായിരുന്നു. ലേലത്തിലൊരു സീനുണ്ട്, ഇറവറന്‍സ് എന്നൊക്കെ പറയുന്ന സീന്‍. ആ രംഗത്തില്‍ സോമേട്ടന്‍ കുഴഞ്ഞു. ഞാന്‍ എഴുതി കൊണ്ടു വരുമ്പോള്‍ നീ ഇങ്ങനെ എഴുതി കൊണ്ടു വന്നാല്‍ എങ്ങനാണ്, നേരത്തെ പറയണ്ടേ എന്നൊക്കെ ചോദിക്കും. നേരത്തെ പറഞ്ഞാല്‍ നിങ്ങള്‍ പഠിക്കുമോ എന്ന് ഞാന്‍ തിരിച്ച് ചോദിക്കും. ഞങ്ങള്‍ തമ്മില്‍ അത്ര സ്‌നേഹമുണ്ടായിരുന്നു അത്ര സ്വാതന്ത്ര്യമുണ്ടായിരുന്നു അത്ര തന്നെ വഴക്കുമുണ്ടായിട്ടുണ്ട്.


ഡബ് ചെയ്യുമ്പോള്‍ പോലും സോമേട്ടന്‍ ഇറങ്ങി പോയിട്ടുണ്ട്. അന്ന് ജോയ് തീയേറ്ററില്‍ ഡബ്ബിംഗ് നടക്കുമ്പോള്‍ ഞാന്‍ എന്തെങ്കിലും അഭിപ്രായം പറയുമ്പോള്‍ പുള്ളി പിണങ്ങും ഇറങ്ങിപ്പോകും. ഞാനും പിണങ്ങും. കുറച്ച് കഴിയുമ്പോള്‍ എടാ വാടാ നമുക്ക് ചെയ്യാം എന്ന് പറഞ്ഞ് വരും. കലഹിച്ച് സ്‌നേഹിക്കുകയും സ്‌നേഹിച്ച് കലഹിക്കുകയും ചെയ്തിരുന്ന ഒരാളായിരുന്നു സോമേട്ടന്‍.


എന്‍എഫ് വര്‍ഗ്ഗീസ് ഞാന്‍ എഴുതുമ്പോള്‍ എവിടുന്നെങ്കിലുമൊക്കെ കയറി വന്ന് അത് മനസിലാക്കിയിട്ട് പോകും. നാടകത്തില്‍ നിന്നൊക്കെ വന്നത് കൊണ്ട് വളരെ ആവേശമുള്ളൊരു ആക്ടറായിരുന്നു. ലേലത്തിലെയും പത്രത്തിലേയും വേഷങ്ങളൊന്നും അതുവരെ കിട്ടാത്ത വേഷങ്ങളായിരുന്നു. നാടകത്തില്‍ നിന്നു വന്നത് കൊണ്ട് നീളന്‍ ഡയലോഗ് പറയുന്നത് ഒരു പ്രശ്‌നമായിരുന്നില്ല. ഞാന്‍ എഴുതുമ്പോള്‍ കൂടെ വന്നിരുന്ന് അത് മനസിലാക്കാന്‍ ശ്രമിക്കുമായിരുന്നു.


മഞ്ജു വാര്യര്‍ക്ക് വേണ്ടിയാണ്, ഒരു നടിയ്ക്കായി ഞാന്‍ വളരെ ലെങ്തിയായ ഡയലോഗുകള്‍ എഴുതുന്നത്. പത്രത്തിലായിരുന്നു അത്. മഞ്ജുവും അതിന് മുമ്പ് അത്തരത്തിലൊരു വേഷം ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ എനിക്ക് പേടിയുണ്ടായിരുന്നു. ഞാന്‍ മഞ്ജുവിനോട് ഡയലോഗ് ഇത്തിരി ലെങ്തിയായിരിക്കും ബുദ്ധിമുട്ടുണ്ടാകുമോ എന്ന് ചോദിച്ചിരുന്നു. ഇല്ലെന്ന് മഞ്ജു പറഞ്ഞു. പിന്നീട് ലൊക്കേഷനില്‍ വന്നപ്പോള്‍ രണ്ട് പേജൊക്കെയുള്ള ഡയലോഗുകള്‍ വായിച്ചു കൊണ്ട് കുറച്ച് ദൂരം നടന്നിട്ടൊക്കെ വരും. തിരികെ വരുമ്പോഴേക്കും ഡയലോഗ് മൊത്തം മനപാഠമാക്കിയിരിക്കും മഞ്ജു.


മമ്മൂട്ടി എപ്പോഴും വഴക്കുണ്ടാക്കും. അതിങ്ങനെ വേണോ ഇതിങ്ങനെ വേണോ എന്നൊക്കെ ചോദിക്കും. കടിച്ചാല്‍ പൊട്ടാത്ത ഡയലോഗ് എഴുതുമ്പോള്‍ വഴക്കുണ്ടാക്കും. ഡബ്ബിംഗ് തീയേറ്ററില്‍ പോലും വഴക്കുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ നിങ്ങള്‍ വന്ന് ഡബ്ബ് ചെയ്യെന്ന് പറയും. അങ്ങനെ ഞാന്‍ ഡബ്ബും ചെയ്തിട്ടുണ്ട്. ആ അതങ്ങനെ പറയാന്‍ എനിക്ക് പറ്റില്ലെന്ന് പറയും മമ്മൂട്ടി