25 April 2024 Thursday

ആലത്തൂർ എംപി രമ്യ ഹരിദാസിനെതിരെ സിപിഎം നേതാക്കള്‍ വധഭീഷണി മുഴക്കിയതായി പരാതി:നിഷേധിച്ച് സിപിഎം

ckmnews

ആലത്തൂർ എംപി രമ്യ ഹരിദാസിനെതിരെ സിപിഎം നേതാക്കള്‍ വധഭീഷണി മുഴക്കിയതായി പരാതി:നിഷേധിച്ച് സിപിഎം


പാലക്കാട്: ആലത്തൂർ എംപി രമ്യ ഹരിദാസിനെതിരെ വധ ഭീഷണി മുഴക്കിയെന്ന് പരാതി. സിപിഎം പ്രവർത്തകരായ രണ്ട് പേർക്കെതിരെ രമ്യ ഹരിദാസ് പൊലീസിന് പരാതി നൽകി. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. ആലത്തൂർ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് നാസർ, നജീബ് കണ്ടാലറിയാവുന്ന ഏഴ് പേർക്കും എതിരെയാണ് പരാതി.



ആലത്തൂരിൽ കാലു കുത്തിയാൽ കാലു വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയെന്ന രമ്യ ഹരിദാസ് പറയുന്നു. തടഞ്ഞുവെച്ച് ഭീഷണിപ്പെടുതിയത്തിനാണ് കേസ് എടുത്തിരിക്കുന്നത്. ജനപ്രതിനിധിയെന്ന നിലയിൽ ആളുകൾ എന്നോട് സംസാരിച്ചാൽ അപ്പോൾ അവർ എന്താ ചെയ്യുന്നതെന്ന് അവർക്കേ അറിയുള്ളൂവെന്ന് സിപിഎം പ്രവർത്തകരെ കുറിച്ച് എംപി പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവർത്തനം തടസപ്പെടുത്തുകയാണ്. തെരഞ്ഞെടുപ്പിന്റെ സമയത്ത് ആലത്തൂരിൽ വെച്ച് കല്ലെറിഞ്ഞു. ഇപ്പോൾ രണ്ട് തവണയായി ഭീഷണിയുമായി വരുന്നുവെന്നും എംപി പരാതിപ്പെട്ടു.


എന്നാൽ ആരോപണം നിഷേധിച്ച് സിപിഎം രംഗത്തെത്തി. പരാതിയിൽ പറയുന്ന പോലെ ഭീഷണി ഉണ്ടായിരുന്നില്ല. ഇത്തരം പരാതികൾ എംപിയുടെ സ്ഥിരം രീതിയാണെന്നും ഇതിനെ രാഷ്ട്രീയമായി നേരിടുമെന്നും ആരോപണ വിധേയൻ കൂടിയായ ആലത്തൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് നാസർ പ്രതികരിച്ചു.