19 April 2024 Friday

കോവിഡ് പട്ടിണിയകറ്റാന്‍ 17 ടണ്‍ കപ്പയുമായി സന്നദ്ധ സംഘം

ckmnews

കോവിഡ് പട്ടിണിയകറ്റാന്‍ 17 ടണ്‍ കപ്പയുമായി സന്നദ്ധ സംഘം


പൊന്നാനി:ലോക്ഡൗണ്‍ ദുരിതത്തിലാക്കിയ കുടുംബങ്ങളുടെ പട്ടിണിയകറ്റാന്‍ സൗജന്യ കപ്പ വിതരണവുമായി സന്നദ്ധ സംഘം രംഗത്ത്. നിരന്തര അടച്ചുപൂട്ടലും ട്രോളിങ് നിരോധനവും മൂലം പട്ടിണിയിലായ പൊന്നാനി നഗര പ്രദേശങ്ങളിലെയും തീരദേശത്തെയും ദുരിതബാധിതര്‍ക്ക് താല്‍ക്കാലികാശ്വാസമായി 17,000 കിലോ കപ്പയാണ് വിതരണത്തിന് എത്തിയത്. പൊന്നാനി ഇസ്ലാമിക് സര്‍വീസ് സൊസൈറ്റിയും സന്നദ്ധ സംഘമായ ടീം വെല്‍ഫയര്‍ പൊന്നാനിയും സംയുക്തമായാണ് സൗജന്യ കപ്പ വിതരണ പദ്ധതി ആവിഷ്കരിച്ചത്. വളാഞ്ചേരി, എടയൂര്‍, എടരിക്കോട് മേഖലയിലെ കപ്പ കര്‍ഷകരില്‍ നിന്ന് വിലകൊടുത്ത് സമാഹരിച്ച കപ്പയാണ് പൊന്നാനിയില്‍ എത്തിച്ചത്. ലോക്ഡൗണ്‍ മൂലം പ്രതിസന്ധിയിലായ കപ്പ കര്‍ഷകര്‍ക്ക് വിപണി സൃഷ്ടിക്കുക എന്ന ആശയം കൂടി ഈ പ്രവര്‍ത്തനത്തിന് പിന്നിലുണ്ട്. ഏറെ പ്രയാസം അനുഭവിക്കുന്ന 6000 ലേറെ വീടുകളിലാണ് കപ്പ വിതരണം ചെയ്യുന്നത്. കപ്പ വിതരണ പരിപാടി പൊന്നാനി തീരദേശ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പി.ജെ ആൽബർട്ട് ഉദ്ഘാടനം ചെയ്തു. ഐ.എസ്.എസ് പ്രസിഡന്‍റ് പി.വി അബ്ദുല്‍ ലത്തീഫ്, ടീംവെല്‍ഫയര്‍ പൊന്നാനി ചെയര്‍മാന്‍ ആര്‍.വി അഷ്റഫ്, വെല്‍ഫയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്‍റ് സി.വി ഖലീല്‍, മുനിസിപ്പല്‍ പ്രസിഡന്‍റ് ടി. ബഷീര്‍, ടീം വെല്‍ഫയര്‍ മണ്ഡലം കണ്‍വീനര്‍ നാസര്‍ പൊന്നാനി എന്നിവരാണ് കപ്പ വിതരണത്തിന് നേതൃത്വം നല്‍കുന്നത്.