19 April 2024 Friday

ലോക്ക്ഡൗണിൽ ദില്ലിയിൽ നിന്നും കേരളത്തിലേക്കുള്ള ആദ്യ ട്രെയിൻ ഇന്ന് രാത്രിയിൽ കോഴിക്കോട്ടെത്തും

ckmnews


എറണാകുളവും തിരുവനന്തപുരവുമടക്കം കേരളത്തിലെ മൂന്ന് സ്റ്റേഷനുകളിലാണ് ട്രെയിൻ നിർത്തുക. 


കോഴിക്കോട് :ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള പ്രത്യേക ട്രയിനിന്റെ കേരളത്തിലെ ആദ്യ സ്റ്റോപ്പ് കോഴിക്കോട്ടാണ്. രാത്രി 10 മണിയോടെ ഓടെ ട്രെയിൻ കോഴിക്കോട്ടെത്തുമെന്നാണ് അറിയിപ്പ്. ഇവിടെക്ക് 165 യാത്രക്കാരാണ് ഉള്ളത്. റെയിൽവേ സ്‌റ്റേഷനിൽ യാത്രക്കാരുടെ ആരോഗ്യപരിശോധനക്ക് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തി. സാമൂഹിക അകലം പാലിച്ച് ഇറക്കുന്ന യാത്രക്കാരെ തെർമൽ സ്‌കാനിംഗിന് വിധേയമാക്കിയതിന് ശേഷമാകും പുറത്തേക്ക് ഇറക്കുക. ഇവരിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ ഉടൻ തന്നെ മെഡിക്കൽ കോളജിലേക്ക് മാറ്റും. ഇതിനായി ആംബുലൻസ് സജ്ജമാക്കി നിർത്തും. മറ്റ് യാത്രക്കാരെ കൊണ്ടുപോകുന്നതിന് 15 കെ.എസ്.ആർ.ടി.സി. ബസും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ അടിയന്തര ആവശ്യത്തിനായി രണ്ട് ബസുകൾ കൂടി ഉണ്ടാകും. നാളെ പുലർച്ചെ 5.30 ഓടെ ട്രെയിൻ തിരുവനന്തപുരത്ത് എത്തിച്ചേരും. എറണാകുളമടക്കം ആകെ എട്ടു സ്റ്റോപ്പുകളാണ് പ്രത്യേക സർവീസിന് അനുവദിച്ചിട്ടുള്ളത്. അതേസമയം അന്തർ ജില്ലാ സർവീസ് അനുവദിക്കില്ലെന്ന് റെയിൽവെ വ്യക്തമാക്കി. സംസ്ഥാന സർക്കാറിന്റെകൂടി അഭ്യർഥന പരിഗണിച്ചാണ് തീരുമാനം. ടിക്കറ്റ് എടുത്തവരുടെ പണം റെയിൽവെ മടക്കി നൽകും.