29 March 2024 Friday

സാമ്പത്തിക പാക്കേജ്: ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി മൂന്ന് ലക്ഷം കോടി ഈടില്ലാതെ വായ്പ

ckmnews


ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി ഈടില്ലാതെ മൂന്ന് ലക്ഷം കോടി വായ്പ നല്‍കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ആത്മനിര്‍ഭര്‍ (സ്വാശ്രയ) ഭാരത് പാക്കേജിനെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു ധനമന്ത്രി.


നാല് വര്‍ഷമാണ് വായ്പാ കാലാവധി. 100 കോടി രൂപ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്കാണ് വായ്പ ലഭിക്കുക. ഒക്ടോബര്‍ 31 വരെ വായ്പകള്‍ക്ക് അപേക്ഷിക്കാം. രാജ്യത്തെ 45 ലക്ഷം വ്യാപാരികള്‍ക്ക് പദ്ധതി ഗുണകരമാകുമെന്നും ചെറുകിട ഇടത്തരം സംഭംഭങ്ങളുടെ വായ്പകള്‍ക്ക് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി.


സുഷ്മ ഇടത്തരം ചെറുകിട വ്യവസായങ്ങളുടെ നിര്‍വചനം ധനമന്ത്രാലയം പരിഷ്‌കരിച്ചു. ഒരുകോടി വരെ നിക്ഷേപവും അഞ്ച് കോടി വിറ്റുവരവുമുള്ള സ്ഥാപനങ്ങള്‍ സൂക്ഷ്മ വിഭാഗത്തിലും 10 കോടി നിക്ഷേപവും 50 കോടി വിറ്റുവരവുമുള്ള സ്ഥാപനങ്ങള്‍ ചെറുകിട വിഭാഗത്തിലും ഉള്‍പ്പെടും. 20 കോടി നിക്ഷേപവും 100 കോടി വിറ്റുവരവുമുള്ള സംരംഭങ്ങള്‍ ഇടത്തരം വിഭാഗത്തില്‍ പെടും.


ടിഡിഎസ്, ടിസിഎസ് നിരക്ക് 25 ശതമാനം കുറച്ചതായും ധനമന്ത്രി അറിയിച്ചു. പുതിയ നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. കരാര്‍ തുക, വാടക, പലിശ, ലാഭ വിഹിതം, കമ്മീഷന്‍, ബ്രോക്കറേജ് തുടങ്ങിയവയ്ക്കാണ് ബാധകം. ഇതിലൂടെ 9000 കോടിയുടെ പണലഭ്യത വിപണിയില്‍ ഉറപ്പുവരുത്താനാകുമെന്നും നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി.


പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങള്‍ക്ക് 20000 കോടി.

ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ ശേഷി കൂട്ടാന്‍ 10000 കോടി.

പിഎഫ് വിഹിതം മൂന്ന് മാസത്തേക്ക് കൂടി സര്‍ക്കാര്‍ അടയ്ക്കും.

നൂറില്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ പിഎഫ് വിഹിതം 10 ശതമാനമാക്കി കുറച്ചു.

സര്‍ക്കാര്‍ മേഖലയില്‍ 200 കോടി രൂപ വരെയുള്ള ആഗോള ടെന്‍ഡറുകള്‍ അനുവദിക്കില്ല.

ബാങ്കിതര സ്ഥാപനങ്ങള്‍ക്ക് പണലഭ്യത ഉറപ്പാക്കാന്‍ 30000 കോടിയുടെ പദ്ധതി.

മേക്ക് ഇന്‍ പദ്ധതിക്ക് കൂടുതല്‍ മുന്‍തൂക്കം.

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം നവംബര്‍ 30 വരെ നീട്ടി.

ചില പ്രത്യേക മേഖലകളില്‍ ടിഡിഎസ്, ടിസിഎസ് നിരക്ക് 25 ശതമാനം കുറച്ചു. പുതിയ നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍.

കരാര്‍ തുക, വാടക, പലിശ, ലാഭ വിഹിതം, കമ്മീഷന്‍, ബ്രോക്കറേജ് തുടങ്ങിയവയ്ക്കാണ് ബാധകം.

ഇതിലൂടെ 9000 കോടിയുടെ പണലഭ്യത വിപണിയില്‍ ഉറപ്പുവരുത്താം.