25 April 2024 Thursday

മദ്യത്തിന് 2000 കോടി അധിക വരുമാന പ്രതിഷ

ckmnews

തിരുവനന്തപുരം: മദ്യവിൽപ്പനയിലൂടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് അൽപമെങ്കിലും ആശ്വാസം തേടി സംസ്ഥാനസ‍ർക്കാർ. മദ്യനികുതി കൂട്ടാനായി, അബ്കാരിചട്ടത്തിൽ ഭേദഗതി വരുത്തും. ഇതിനായി ഓർഡിനൻസ് ഇറക്കും. ബിയറിനും വൈനിനും പത്ത് ശതമാനം വില കൂട്ടും. മറ്റെല്ലാ മദ്യത്തിനും 35 ശതമാനത്തിന്‍റെ വർദ്ധനയുണ്ടാകും. നടപടിക്രമങ്ങൾ പൂർത്തിയായാൽ അടുത്ത തിങ്കളാഴ്ചയോടെ മദ്യവിൽപന വീണ്ടും തുടങ്ങുമെന്നാണ് സൂചന. 


നേരത്തേ 400 രൂപയിൽ താഴെയുള്ള മദ്യത്തിനെല്ലാം പത്ത് ശതമാനം മാത്രമേ വില വർദ്ധനയുണ്ടാകൂ എന്നാണ് അറിയിച്ചിരുന്നതെങ്കിലും, ഈ വർദ്ധവ ബിയറിനും വൈനിനും മാത്രമായി ചുരുക്കുകയായിരുന്നു. സാമൂഹ്യ അകലം ഉറപ്പാക്കാനായി മദ്യവിൽപ്പന ശാലകളിൽ മൊബൈൽ ആപ്പ് വഴി വെർച്വൽ ക്യൂ നടപ്പിലാക്കും. ബാറുകളിൽ നിന്ന് പാർസലായി മദ്യം നൽകും. ഇതിനായും അബ്കാരിച്ചട്ടത്തിൽ ഭേദഗതി വരുത്തും. 


അതേസമയം, സംസ്ഥാനത്ത് കള്ളു ഷാപ്പുകൾ തുറക്കാൻ അനുമതിയായെങ്കിലും ആദ്യ ദിവസം മിക്ക ഷാപ്പുകളും തുറന്നില്ല. കള്ള് കിട്ടാനില്ലാത്തതും ലൈസൻസിലെ പ്രശ്നങ്ങളുമാണ് ഷാപ്പുകൾ തുറക്കാൻ തടസ്സമായത്. 


ഒന്നര മാസത്തിലധികമായി അടഞ്ഞു കിടന്നിരുന്ന കള്ളു ഷാപ്പുകൾ രാവിലെ ഒൻപതു മണിക്ക് തുറക്കുമെന്നറിഞ്ഞ് നേരത്തെ തന്നെ ആളുകൾ ക്യൂവിലെത്തി. എന്നാൽ തുറന്ന ഷാപ്പുകളിലെത്തിയത് മുമ്പുണ്ടായിരുന്നതിന്‍റെ മൂന്നിലൊന്ന് കള്ളു മാത്രം. പാലക്കാടു നിന്നും കള്ളെത്താൻ അനുമതി ലഭിക്കാത്തതായിരുന്നു കാരണം. കള്ളില്ലാത്തതിനാൽ സംസ്ഥാനത്ത് തുറന്നത് നാലിലൊന്ന് ഷാപ്പുകൾ മാത്രം. ഇവിടങ്ങളിലെത്തിയ കള്ള് ഒരു മണിക്കൂറിനുള്ളിൽ വിറ്റു തീർന്നു.


കള്ളു തീർന്നതോടെ ഷാപ്പടയ്ക്കാൻ എക്സൈസ് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി. കള്ളു കിട്ടാതെ പലരും നിരാശരായി മടങ്ങി. പാലക്കാട് തണ്ണീർ‍പ്പന്തലിൽ സാമൂഹിക അകലം പാലിക്കാതെ ക്യൂ നിന്നവരെ നിയന്ത്രിക്കാൻ എക്സൈസ് വകുപ്പിന് ഇടപെടേണ്ടി വന്നു.


പാലക്കാട് ജില്ലയിൽ ഏപ്രിൽ മെയ് മാസങ്ങളിൽ പ്രദിദിനം മൂന്നു ലക്ഷം ലിറ്റർ കള്ള് വരെ ഉത്പാദിപ്പിച്ചിരുന്നു. ലോക്ക്ഡൗൺ മൂലം നിലച്ച കള്ള് ചെത്ത് രണ്ട് ദിവസം മുൻപാണ് തുടങ്ങിയത്. നാല്പത് ദിവസത്തോളം ഇനി തുടർച്ചയായി തെങ്ങൊരുക്കി ചെത്തിയാലേ കളളുൽപ്പാദനം പൂർണ്ണ തോതിലെത്തുകയുള്ളൂ.