24 April 2024 Wednesday

വിദ്യാര്‍ഥികളുടെ സ്ഥാനക്കയറ്റപ്പട്ടിക 20നകം പ്രസിദ്ധീകരിക്കണം; എട്ടാംക്ലാസ് വരെ എല്ലാ കുട്ടികളെയും ഉയര്‍ന്ന ക്ലാസിലേക്ക് നേരിട്ട് പ്രവേശിപ്പിക്കാം

ckmnews

ഒന്നുമുതല്‍ ഒമ്ബതുവരെ ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ സ്ഥാനക്കയറ്റ പട്ടിക 20നകം പ്രസിദ്ധീകരിക്കണമെന്ന് സ്കൂളുകള്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം. എട്ടാംക്ലാസ് വരെ എല്ലാ കുട്ടികളെയും ഉയര്‍ന്ന ക്ലാസിലേക്ക് നേരിട്ട് പ്രവേശിപ്പിക്കാം.


ഒമ്ബതാംക്ലാസിന് പൂര്‍ത്തിയായ പരീക്ഷകളുടെ മൂല്യനിര്‍ണയം നടത്തണം. അടച്ചുപൂട്ടല്‍കാരണം നടത്താനാകാത്ത ഒന്നാംഭാഷ രണ്ടാം പേപ്പര്‍, സാമൂഹ്യശാസ്ത്രം, കലാകായിക പ്രവൃത്തിപരിചയം എന്നിവയ്ക്ക് അര്‍ധ വാര്‍ഷിക പരീക്ഷയുടെ സ്കോര്‍ പരിഗണിച്ച്‌ സ്ഥാനക്കയറ്റം നല്‍കാം. അര്‍ധ വാര്‍ഷിക പരീക്ഷ എഴുതാത്തവര്‍ക്ക് പാദവാര്‍ഷിക പരീക്ഷയുടെ സ്കോര്‍ പരിഗണിക്കാം. പാദ, അര്‍ധ വാര്‍ഷിക പരീക്ഷ എഴുതാത്ത കുട്ടികളുണ്ടെങ്കില്‍ അവര്‍ക്ക് സ്കൂള്‍ തലത്തില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കി പരീക്ഷ നടത്തി സ്ഥാനക്കയറ്റം നല്‍കാം.ഈ നടപടികള്‍ പ്രഥമാധ്യാപകരുടെ മേല്‍നോട്ടത്തില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ( ഡിജിഇ) കെ ജീവന്‍ ബാബു നിര്‍ദേശിച്ചു.













സ്കൂളുകളില്‍ പുതിയ വിദ്യാര്‍ഥി പ്രവേശന പ്രക്രിയ ഉടന്‍ ആരംഭിക്കും. പ്രധാനാധ്യാപകരോടും ഓഫീസ് ജീവനക്കാരോടും എത്താനും ഓഫീസ് പ്രവര്‍ത്തിപ്പിക്കാനും സര്‍ക്കാര്‍ നേരത്തേ നിര്‍ദേശിച്ചിട്ടുണ്ട്. സ്കൂള്‍ പരിസര ശുചീകരണവും അണുവിമുക്തമാക്കല്‍ നടപടികളും പൂര്‍ത്തിയാകുന്ന മുറയ്ക്ക് പ്രവേശന പ്രക്രീയക്ക് തുടക്കമാകും.