28 March 2024 Thursday

വൈറസില്‍ 4 ‘വിചിത്ര’ കൂട്ടിച്ചേർക്കലുകൾ; ഇന്ത്യൻ ഗവേഷണ റിപ്പോർട്ട് ‘അപ്രത്യക്ഷം

ckmnews

വൈറസില്‍ 4 ‘വിചിത്ര’ കൂട്ടിച്ചേർക്കലുകൾ; ഇന്ത്യൻ ഗവേഷണ റിപ്പോർട്ട് ‘അപ്രത്യക്ഷം


ന്യൂഡൽഹി∙ കോവിഡ് വ്യാപനത്തിന്റെ കാരണത്തെക്കുറിച്ചുള്ള പഠനങ്ങൾ സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങൾ തുടരുന്നതിനിടെ, ‘ലാബ്– ലീക്ക്’ സിദ്ധാന്തം ആദ്യമായി മുന്നോട്ടുവച്ചത് ഇന്ത്യയിൽനിന്നുള്ള ശാസ്ത്ര‍ജ്ഞരാണെന്നു റിപ്പോർട്ട്. ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിൽനിന്നാണു കൊറോണ വൈറസ് ചോർന്നതെന്ന ‘ലാബ് ലീക്ക്’ സിദ്ധാന്തത്തെ പിന്തുണയ്ക്കുന്ന വാദഗതിയും സാന്ദർഭിക തെളിവുകളുമായി ഒട്ടേറെ ശാസത്രജ്ഞർ പിന്നീടു രംഗത്തെത്തിയിരുന്നു.


ഡൽഹി ഐഐടിയിലെ കുസുമ സ്കൂൾ ഓഫ് ബയോളജിക്കൽ സയൻസസിലെ സംഘം തയാറാക്കിയ 22 പേജുകളുള്ള ഗവേഷക പ്രബന്ധം 2020 ജനുവരി 31നു പ്രസിദ്ധീകരിച്ചിരുന്നു. സാർസ്–കോവ്–2 വൈറസും എച്ച്ഐവി വൈറസും തമ്മിൽ ഏറെ സാമ്യമുണ്ടെന്നായിരുന്നു ഇവരുടെ പഠനം. എച്ച്ഐവിയിലേതിനു സമാനമായി സാർസ് കോവ് 2 വൈറസിന്റെ സ്പൈക്ക് പ്രോട്ടീനിൽ (ഗ്ലൈക്കോപ്രോട്ടീൻ) നാല് ‘കൂട്ടിച്ചേർക്കൽ’ കണ്ടെത്തിയെന്നായിരുന്നു പഠനറിപ്പോർട്ട്. ഇത് സ്വാഭാവികമായി വൈറസുകളിൽ സംഭവിക്കുന്ന ജനിതക പരിവർത്തന പ്രക്രിയയല്ലെന്നും (മ്യൂട്ടേഷൻ) ഗവേഷകർ പറഞ്ഞു. ഇതു സംബന്ധിച്ചു കൂടുതൽ ഗവേഷണം വേണമെന്നും ആവശ്യപ്പെട്ടു. 

എന്നാൽ വ്യാപകമായി വിമർശനം ഉയർന്നതോടെ പ്രസിദ്ധീകരിച്ചതിനു പിന്നാലെ പ്രബന്ധം പിൻവലിച്ചു. കൊറോണ വൈറസിന്റെ ഘടനയിലെ മാറ്റത്തിനു ബാഹ്യ ഇടപെടലുകൾ ഉണ്ടായിരിക്കാൻ സാധ്യതയുണ്ടെന്നതു സംബന്ധിച്ചു നടത്തിയ ആദ്യ ശാസ്ത്രീയ പഠനവും ഇതായിരുന്നെന്നാണു റിപ്പോർട്ട്. എന്നാൽ വവ്വാലുകളിൽ കാണപ്പെടുന്ന കൊറോണ വൈറസുകളുടെ സ്പൈക്ക് പ്രോട്ടീനിൽ മ്യൂട്ടേഷൻ സംഭവിക്കാനിടയുണ്ടെന്നു പിന്നീട് കണ്ടെത്തി. ഇക്കാര്യം ഉൾപ്പെടെ ചേർത്ത് ഐഐടി സംഘത്തിന്റെ പരിഷ്കരിച്ച റിപ്പോർട്ട് എന്നു വരുമെന്ന് ചോദ്യങ്ങളും ഉയർന്നിരുന്നു. 

എന്നാല്‍ ഗവേഷകലോകം വാക്സീനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവമായിരിക്കുന്ന ഈ സാഹചര്യത്തിൽ ഇത്തരം ഗൂഢസിദ്ധാന്തങ്ങള്‍ക്കു പ്രധാന്യം നൽകി പുതിയ റിപ്പോർട്ട് പുറത്തിറക്കുന്നില്ലെന്നായിരുന്നു ഐഐടി സംഘത്തിന്റെ മറുപടി. സംഭവത്തെക്കുറിച്ചു കൂടുതൽ അന്വേഷണം നടത്താനും ‘ലാബ് ആക്സിഡന്റ്’ തിയറി ഉൾപ്പെടെ പരിശോധിക്കാനും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വിദഗ്ധ സംഘങ്ങൾക്കു നിർദേശം നൽകിയിരുന്നു. യൂറോപ്യൻ യൂണിയൻ, യുകെ, ഓസ്ട്രേലിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളും യുഎസിന്റെ അഭിപ്രായത്തോടു യോജിച്ചിരുന്നു. 

ലാബ് ലീക്ക് സിദ്ധാന്തം അസംഭവ്യമാണെന്നും രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തി യുഎസ്എ ചമച്ച വാർത്തയാണിതെന്നുമായിരുന്നു ചൈനീസ് വിദേശ കാര്യ മന്ത്രാലയം കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയത്. അതിനിടെ അമേരിക്കൻ വൈറോളജിസ്റ്റ് ആന്തണി ഫൗച്ചിയും ഇന്ത്യൻ കണ്ടെത്തലിനെ വിചിത്രം എന്നു വിശേഷിപ്പിച്ചു രംഗത്തെത്തി. ഇത്തരത്തിലൊരു പ്രോട്ടീൻ മാറ്റത്തിനു സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.