20 April 2024 Saturday

യാക്കോബായ സുറിയാനി സഭ അഖില മലങ്കര മർത്തമറിയം വൈസ്.പ്രസിഡൻ്റ് സിസ്റ്റർ കെ.കെ മേരിക്കുട്ടി അന്തരിച്ചു.

ckmnews

യാക്കോബായ സുറിയാനി സഭ

അഖില മലങ്കര മർത്തമറിയം വൈസ്.പ്രസിഡൻ്റ് സിസ്റ്റർ കെ.കെ മേരിക്കുട്ടി അന്തരിച്ചു.


ചങ്ങരംകുളം:യാക്കോബായ സുറിയാനി സഭ പുത്തൻകുരിശ് സെന്റ് മേരീസ് കോൺവെന്റിലെ സീനിയർ അംഗവും ,അഖില മലങ്കര മർത്തമറിയം വനിതാ സമാജം ലേഡി വൈസ് പ്രസിഡൻ്റും കുന്നംകുളം സ്വദേശിയുമായ കെ.കെ മേരിക്കുട്ടി അന്തരിച്ചു.വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ചികിൽസയിൽ  കഴിയുകയായിരുന്ന സിസ്റ്റർ ഞായറാഴ്ച പുലർച്ച രണ്ടിനാണ് അന്തരിച്ചത്.  എൺപത്തിയെട്ട്  വയസ് പ്രായമായിരുന്നു.


1951 ൽ സർക്കാർ ജോലിയിൽ പ്രവേശിച്ചു. മുപ്പത്തിയേഴ് വർഷത്തെ സേവനത്തിനു ശേഷം പി.ഡബ്ലൂ .ഡി അസിസ്റ്റൻ്റ് എൻജിനീയറായി വിരമിച്ചു.


യാക്കോബായ സുറിയാനി  സഭ അഖില മലങ്കര മർത്തമറിയം വനിതാസമാജം സെക്രട്ടറി, അഖില മലങ്കര സുവിശേഷ സംഘം ട്രഷറർ, ബിബ്ലിക്കൽ & ലിറ്റർജിക്കൽ അക്കാദമി ജോ. ഡയറക്ടർ, സെൻ്റ് മേരീസ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സൺ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 


സഭയുടെ പ്രതിസന്ധി നാളുകളിലും വനിതാ സമാജത്തിന്റെ പ്രവർത്തന മേഖലകളിലും നെടുംതൂണായി നിന്നു കൊണ്ട് സഭയ്ക്കൊപ്പം സിസ്റ്റർ മേരിക്കുട്ടി  എന്നുമുണ്ടായിരുന്നു. 


സഭയുടെ എല്ലാ ദേവാലയങ്ങളിലെ സമാജം പ്രവർത്തകരുമായി നല്ല സ്നേഹ ബന്ധം കാത്ത് സൂക്ഷിച്ചിരുന്നതിനാൽ മേരിക്കുട്ടി എല്ലാവരുടേയും മേരി ചേച്ചിയായി മാറി.



2006 ൽപരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ  പാത്രിയർക്കീസ് ബാവയിൽ നിന്നും സെന്റ് അഫ്രേം ബഹുമതിയും ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായിൽ നിന്ന് മഹിളാ രത്നം പുരസ്കാരവും ലഭിച്ചു. 


1979ൽ ആരംഭിച്ച സെൻ്റ് മേരീസ് കോൺവെൻ്റ് സ്ഥാപക ഭരണ സമിതിയംഗവും ,തൃശൂർ വർക്കിംഗ് വിമൻസ് ഹോസ്റ്റൽ സെക്രട്ടറി എന്നിനിലകളിലും പ്രവൃത്തിച്ചിട്ടുണ്ട്.


പുത്തൻകുരിശിൽ അഖില മലങ്കര മർത്തമറിയം സമാജം ആസ്ഥാന മന്ദിരത്തിനുള്ള സ്ഥലം ,കെട്ടിടം ,കോൺവെറ്റ് ആസ്ഥാനം  ,റസ്റ്റ് ഹൗസ് , മോർ അത്തന്വേഷസ് ഹയർ സെക്കണ്ടറി സ്കൂൾ ,മോർ ബസേലിയോസ് തോമസ് ഫസ്റ്റ് സി.ബി.എസ്.ഇ.സ്കൂൾ ,ഓൾഡേജ് ഹോം , പുവർ ഹോം തുടങ്ങിയ നിരവധി പ്രസ്ഥാനങ്ങളുടെ വളർച്ചക്ക് മുഖ്യ പങ്കുവഹിച്ചു.


ജന്മദേശമായ കുന്നംകുളം മേഖലയിൽ നിരവധി പേരുമായി സിസ്റ്റർക്ക്  നല്ല ആത്മബന്ധമായിരുന്നു


  കുന്നംകുളം മരത്തം കോട് കോലാടി വീട്ടിൽ പരേതനായ കാക്കു- കുഞ്ഞമ്മ എന്നിവരുടെ അഞ്ചാമത്തെ മകളാണ്.

ശ്രേഷ്ഠ കാതോലിക്ക ബാവ , സഭയിലെ മറ്റു മെത്രാപ്പോലീത്തമാർ ,

സഭ വൈദീക ട്രസ്റ്റി സ്ളീബ വട്ടവേലി കോർ - എപ്പിസ്കോപ്പ ,സഭ ട്രസ്റ്റി കമാൻഡർ ഷാജി ചുണ്ടയിൽ , ജനപ്രതിനിധികൾ , സഭ ഭാരവാഹികൾ ,ഭക്തസംഘടന ഭാരവാഹികൾ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു. 


സംസ്കാര ശുശ്രൂഷകൾ ജൂൺ 7 തിങ്കൾ രാവിലെ പുത്തൻകുരിശ് സെൻ്റ് മേരീസ് കോൺവെൻ്റിൽ ആരംഭിച്ച് പുത്തൻകുരിശ് സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും