19 April 2024 Friday

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; വടക്കന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം

ckmnews

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ പെയ്യാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വടക്കന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ചയോടെ കേരളത്തില്‍ മഴ കൂടുതല്‍ ശക്തമാകും.


അടുത്ത മൂന്ന് മണിക്കൂറില്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നി ജില്ലകളില്‍ ഒറ്റപ്പെട്ട സ്‌ഥലങ്ങളില്‍ മണിക്കൂറില്‍ 40 കി. മീ. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലിന് സാധ്യതയുള്ളതിനാള്‍ ദുരന്ത നിവാരണ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

ചൊവ്വാഴ്ച ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം. ബുധനാഴ്ചയും മഴ ശക്തമായേക്കും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.