25 April 2024 Thursday

ഇനി വീട്ടിലിരുന്ന് കോവിഡ് ടെസ്റ്റ് നടത്താം : ടെസ്റ്റ് കിറ്റ് ഫ്ലിപ്പ്കാര്‍ട്ടിലൂടെയും വീട്ടിലെത്തും

ckmnews

മുംബൈ : ഇനി കോവിഡ് പരിശോധന വീട്ടില്‍ തന്നെ നടത്താം. കോവിഡ് പരിശോധന സ്വയം നടത്താനുള്ള മൈലാബിന്റെ 'കോവിസെല്‍ഫ്' കിറ്റ് ഉടന്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. കിറ്റ് ഉപയോഗിച്ച്‌ നടത്തുന്ന റാപ്പിഡ് ആന്റിജന്‍ പരിശോധനയുടെ ഫലം 15 മിനിറ്റില്‍ അറിയാം.

സര്‍ക്കാരിന്റെ ഇ-മാര്‍ക്കറ്റിങ് സൈറ്റിലും ഫ്ലിപ്കാര്‍ട്ടിലും കോവിസെല്‍ഫ് കിറ്റ് ലഭിക്കുമെന്ന് മൈലാബ് ഡിസ്കവറി സൊല്യൂഷന്‍സ് അറിയിച്ചു. ഒരു ട്യൂബ്, മൂക്കില്‍നിന്ന് സാംപിള്‍ എടുക്കാന്‍ അണുനശീകരണം നടത്തിയ ചെറിയ തണ്ട്, ടെസ്റ്റ് കാര്‍ഡ്, ഇവയൊക്കെ സുരക്ഷിതമായി കളയാനുള്ള ബാഗ് എന്നിവയാണ് കിറ്റിലുണ്ടാവുക. 250 രൂപ വിലയുള്ളതാണ് ഈ സ്വയം പരിശോധന കിറ്റ്.

കോവിഡ് പരിശോധന സ്വയം നടത്താന്‍ സഹായിക്കുന്ന കിറ്റിന് നേരത്തെ, ഐ സി എം ആര്‍ അനുമതി നല്‍കിയിരുന്നു. കോവിഡ്-19-ന്റെ ലക്ഷണമുള്ളവര്‍ മാത്രം കിറ്റ് ഉപയോഗിച്ചാല്‍ മതി. തുടര്‍ച്ചയായുള്ള പരിശോധനയും ആവശ്യമില്ല. കോവിസെല്‍ഫിന്റെ ഏഴ് ലക്ഷം യൂണിറ്റ് ആഴ്ചയില്‍ ലഭ്യമാക്കാനാണ് കമ്ബനി പദ്ധതിയിടുന്നത്‌.