28 March 2024 Thursday

കെഎസ്ആര്‍ടിസി എന്ന പേര് മാറ്റില്ല, തുടര്‍ന്നും ഉപയോഗിക്കും'; കേരളത്തിന്‍റെ വാദം തെറ്റെന്ന് കര്‍ണാടകം

ckmnews

'


ബെം​ഗളൂരു: കെഎസ്ആര്‍ടിസി എന്ന പേര് തുടർന്നും ഉപയോഗിക്കുമെന്ന് കർണാടക ആർടിസി. കേന്ദ്ര ട്രേഡ്‍മാര്‍ക്ക് രജിസ്ട്രേഷന്‍ വിധി പറഞ്ഞെന്ന കേരളത്തിന്‍റെ അവകാശവാദം വസ്തുതാപരമായി തെറ്റാണെന്നാണ് കര്‍ണാടകയുടെ വാദം. പേര് തുടര്‍ന്നും ഉപയോ​ഗിക്കുന്നതില്‍ നിയമവിദഗ്ധരുമായി കൂടിയാലോചിക്കും. ഇത്തരം പരാതികൾ പരിഗണിക്കുന്ന ഇന്‍റലക്ച്വല്‍ പ്രോപ്പർട്ടി അപ്പലേറ്റ് ബോർഡിനെ ( IPAB) കേന്ദ്രം ഓർഡിനൻസിലൂടെ പിരിച്ച് വിട്ടതാണ്. പരിഗണനയിലുണ്ടായിരുന്ന എല്ലാ പരാതികളും ഹൈക്കോടതിക്ക് കൈമാറിയെന്നും കർണാടക ആർടിസി എംഡി പറഞ്ഞു.  

ഏഴുവർഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് കെഎസ്ആർടിസി, ആനവണ്ടി എന്നീ പേരുകളും ലോഗോയും കേരളത്തിന് അനുവദിച്ചുകൊണ്ട് കേന്ദ്ര ട്രേഡ്മാർക്ക് രജിസ്ട്രേഷന്‍ അധികൃതർ ഉത്തരവിട്ടത്. കർണാടകത്തിലേയും കേരളത്തിലേയും റോഡ് ട്രാൻസ്പോർട്ട് കോർപറേഷനുകൾ കെഎസ്ആർടിസി എന്ന പേരാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇത് കർണ്ണാടകയുടേതാണെന്നും കേരള ട്രാൻസ്പോർട്ട് കോർപറേഷൻ ഈ പേര് ഉപയോഗിക്കരുതെന്നും കാട്ടി 2014 ൽ കർണാടക നോട്ടീസ് അയക്കുകയായിരുന്നു. 

തുടർന്ന് അന്നത്തെ കെഎസ്ആർടിസി സിഎംഡിയായിരുന്ന ആന്‍റണി ചാക്കോ കേന്ദ്ര സർക്കാരിന് കീഴിലെ രജിസ്ട്രാർ  ഓഫ് ട്രേഡ്മാർക്കിൽ  കേരളത്തിന്‌ വേണ്ടി അപേക്ഷിച്ചു. അതിനെ തുടർന്ന് വർഷങ്ങളായി നിയമപോരാട്ടം നടക്കുകയായിരുന്നു. കെഎസ്ആർടിസി എന്ന പേര് ആദ്യം ഉപയോഗിച്ചത് കേരളമാണെന്ന് രജിസ്ട്രാറെ ബോധ്യപ്പെടുത്താൻ സാധിച്ചതോടെ ഈ പേര് കേരളത്തിന് സ്വന്തമാകുകയായിരുന്നു. ട്രേഡ് മാർക്ക്സ് ആക്ട് 1999 പ്രകാരം കെഎസ്ആർടിസി എന്ന ചുരുക്കെഴുത്തും,എംബ്ലവും, ആനവണ്ടി എന്ന പേരും കേരള റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് അനുവദിച്ച് ട്രേഡ് മാർക്ക്‌ ഓഫ് രജിസ്ട്രി ഉത്തരവിറക്കുകയായിരുന്നു.