25 April 2024 Thursday

അയല്‍വാസിയുടെ കുത്തേറ്റ് 28 കാരി ഗുരുതരാവസ്ഥയില്‍ സംഭവദൃശ്യങ്ങള്‍ സിസി കേമറയില്‍

ckmnews

ന്യൂഡല്‍ഹി: അയല്‍വാസിയുടെ കത്തിക്കുത്തേറ്റ് യുവതി ഗുരുതരാവസ്ഥയില്‍. 28 കാരിയെയാണ് വീടിന് പുറത്തുവെച്ച്‌ അയല്‍ക്കാരന്‍ കത്തിക്കൊണ്ട് നിരവധി തവണ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഡല്‍ഹിയിലെ രോഹിണി ഏരിയയില്‍ വ്യാഴാഴ്ചയാണ് സംഭവം.

കുത്തേറ്റ് ഗുരുതരാവസ്ഥയിലായ യുവതി സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികിത്സയിലാണ്. അയല്‍ക്കാരനാണ് കുത്തിയതെന്നും ഇയാള്‍ക്കെതിരെ യുവതി നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നതായും വീട്ടുകാര്‍ പറഞ്ഞു. ആക്രമണ ദൃശ്യങ്ങള്‍ സമീപത്ത് സ്ഥാപിച്ചിരുന്ന സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്.

വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവo . പാര്‍ക്ക് ചെയ്ത രണ്ട് കാറുകള്‍ക്കിടയില്‍ വെച്ചാണ് യുവതി ക്രൂരമായി ആക്രമിക്കപ്പെട്ടത്. നിരവധി തവണ കത്തി ഉപയോഗിച്ച്‌ യുവതിയെ കുത്തി. ഇതുകണ്ട വന്ന ഒരാള്‍ ഒരു നിമിഷം സംശയിച്ച്‌ നിന്നെങ്കിലും പിന്നീട് ഒന്നും സംഭവിക്കാത്തതുപോലെ നടന്നുപോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

സംഭവത്തില്‍ രാജു എന്ന് വിളിക്കുന്ന നരേഷിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അതെ സമയം ആക്രമണത്തിന്‍റെ കാരണം ഇതുവരെ അറിവായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.