20 April 2024 Saturday

മക്കള്‍ക്ക് വിഷം കൊടുത്ത് ദൃശ്യങ്ങള്‍ പകര്‍ത്തി ബന്ധുക്കള്‍ക്ക് അയച്ച ശേഷം അമ്മ ആത്മഹത്യ ചെയ്തു

ckmnews

മക്കള്‍ക്ക് വിഷം കൊടുത്ത് ദൃശ്യങ്ങള്‍ പകര്‍ത്തി ബന്ധുക്കള്‍ക്ക് അയച്ച ശേഷം അമ്മ ആത്മഹത്യ ചെയ്തു


ശാസ്താംകോട്ട : രണ്ടു മക്കള്‍ക്ക് വിഷംകൊടുത്ത് അമ്മ ആത്മഹത്യചെയ്തു. പോരുവഴി അമ്ബലത്തുംഭാഗം മേലൂട്ട് കോളനിയില്‍ ശ്രീജിത്ത് ഭവനത്തില്‍ അനില്‍കുമാറിന്റെ ഭാര്യ ശ്രീജിത(31)യാണ് മരിച്ചത്. മക്കളായ അനുജിത്ത് (ഒന്‍പത്), അനുജിത (ആറ്) എന്നിവര്‍ക്ക് വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ അനുജിതയുടെ നില ഗുരുതരമാണ്.വിഷം കഴിച്ചു കിടക്കുന്ന ചിത്രം ശ്രീജിത മൊബൈലില്‍ പകര്‍ത്തി വിവിധ ഗ്രൂപ്പുകളിലേക്ക്‌അയച്ചിരുന്നു. ഇതോടെയാണ് വിവരം പുറത്ത് അറിഞ്ഞത്.ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഗുളിക രൂപത്തിലുള്ള എലിവിഷമാണ് മൂവരും കഴിച്ചത്.ഇവരുടെ ബന്ധുക്കള്‍ എത്തുമ്ബോഴേക്കും എല്ലാവരും അതിയായി ഛര്‍ദ്ദിക്കുകയായിരുന്നു. സംശയം തോന്നിയതോടെ യുവാവും മറ്റു ബന്ധുക്കളും ചേര്‍ന്ന് ഇവരെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഗുരുതരമായതിനാല്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് രാത്രിയില്‍ത്തന്നെ മാറ്റി.തുടര്‍ന്ന് ബുധനാഴ്ച വൈകീട്ട് മൂന്നേ മുക്കാലോടെ ശ്രീജിത മരിച്ചു. സംഭവസമയം മുറിക്കുള്ളില്‍ ഇതൊന്നുമറിയാതെ അനില്‍കുമാര്‍ ഉറങ്ങുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. കുടുംബവഴക്കും ഭര്‍ത്താവിന്റെ അമിതമദ്യപാനവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.