24 April 2024 Wednesday

ഇടനിലക്കാരെ ആവശ്യമില്ല; എന്റെ േപരിൽ അവർ പണം കൈപ്പറ്റിയോ എന്നറിയില്ല:സി.കെ.ജാനു

ckmnews

ഇടനിലക്കാരെ ആവശ്യമില്ല; എന്റെ േപരിൽ അവർ പണം കൈപ്പറ്റിയോ എന്നറിയില്ല:സി.കെ.ജാനു


കൽപറ്റ∙ തനിക്ക് ഇടനിലക്കാരെ നിർത്തേണ്ട ആവശ്യമില്ലെന്ന് സി.കെ. ജാനു. എൻഡിഎ സ്ഥാനാർഥിയാകാൻ പണം ആവശ്യപ്പെട്ടുവെന്ന ആരോപണത്തെക്കുറിച്ച് മനോരമ ഓൺലൈനോട് പ്രതികരിക്കുകയായിരുന്നു അവർ.


‘ഓഡിയോ ക്ലിപ് പുറത്തുവന്ന വിവരം മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. ഇടനിലക്കാരായി ആരെയും നിർത്തിയിട്ടില്ല. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ നേരിട്ട് ചോദിക്കാനറിയാം. പ്രകാശൻ മൊറാഴയും പ്രസീതയുമെല്ലാം അടുത്തകാലത്ത് പാർട്ടിയിൽ വന്നവരാണ്. യാതൊരു പാരമ്പര്യവും അവർക്കില്ല. ബിജെപി അധ്യക്ഷനും മറ്റു മുതിർന്ന നേതാക്കളുമായി അവരേക്കാൾ കൂടുതൽ ബന്ധം എനിക്കുണ്ട്. അങ്ങനെയുള്ളപ്പോൾ ഇടനിലക്കാർ എന്തിനാണ്.


എന്റെ പേരിൽ അവർ തുക കൈപ്പറ്റിയോ എന്നറിയില്ല. അതിന് അന്വേഷണം നടത്തേണ്ടത് അത്യാവശ്യമാണ്. ഞാൻ പണം കൈപ്പറ്റിയെന്ന് കുറേ നാളുമുൻപേ ആരോപണമുണ്ട്. പണമിടപാടുമായി ബന്ധപ്പെട്ടത് എന്ന പേരിൽ ഓഡിയോ ക്ലിപ്പ് ഇപ്പോഴാണ് പുറത്തുവന്നത്. പാർട്ടിയിൽനിന്ന് പുറത്താക്കിയെന്നൊക്കെ പറയുന്നത് വെറുതെയാണ്. ഇപ്പോഴും ഞാനാണ് പാർട്ടിയുടെ അധ്യക്ഷ. എന്നെ പുറത്താക്കി പാർട്ടി പിടിച്ചടക്കുകയാണ് അവരുടെ ലക്ഷ്യം.


വ്യക്തിഹത്യയും തേജോവധവും നടത്തി എന്നെ ഇല്ലാതാക്കിയാല്‍ അധികാരത്തിലിരിക്കാമെന്നാണ് അവർ കരുതുന്നത്. തേജോവധം ചെയ്യുന്നുവെന്ന് കോടതിയിൽ നേരത്തെ തന്നെ പരാതി നൽകി. പൊലീസിലും ഉടൻ പരാതി നൽകും. ഇപ്പോൾ ഉയർന്നുവന്ന ആരോപണങ്ങളെ നിയമപരമായി നേരിടുമെന്നും സി.െക. ജാനു പ്രതികരിച്ചു. 

ബത്തേരിയിൽ എൻഡിഎ സ്ഥാനാർഥി ആയി മത്സരിക്കുന്നതിന് സി.കെ. ജാനു പത്ത് കോടി രൂപ ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. ജനാധിപത്യ രാഷ്ട്രീയ സഭ (ജെആർപി) ട്രഷറർ പ്രസീതയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തു വന്നത്.