19 April 2024 Friday

ഇന്ന് ലോക നഴ്‌സസ് ദിനം ; അതിജീവനത്തിന്റെ കാലത്ത് ഭൂമിയിലെ മാലാഖാമാർക്ക് ബിഗ് സല്യൂട്ട്

ckmnews



ഇന്ന് ലോക നഴ്‌സസ് ദിനം. ഓരോ ജീവനും കാക്കാൻ ഉറക്കമിളച്ച് ജോലി ചെയ്യുന്ന ഭൂമിയിലെ മാലാഖമാരുടെ ദിനം. ആധുനിക നഴ്സിങിന് അടിത്തറ പാകിയ ഫ്ലോറൻസ് നൈറ്റിൻഗേലിന്‍റെ ജന്മദിനമാണ് ലോക നഴ്സസ് ദിനമായി ആചരിക്കുന്നത്. 1820 മേയ് 12 നായിരുന്നു ഫ്ലോറൻസിന്‍റെ ജനനം.


‘വിളക്കേന്തിയ വനിത’ എന്നറിയപ്പെടുന്ന ഫ്ലോറൻസ് നൈറ്റിംഗലിന്റെ 200-ാം ജന്മവാർഷികമായ 2020,​ ആദ്യ അന്താരാഷ്ട്ര നഴ്സസ് ഇയർ ആയിട്ടാണ് ലോകാരോഗ്യസംഘടന ആചരിക്കുന്നത്.


ഇറ്റലിയിലെ ഫ്ലോറൻസ് നഗരത്തിലെ ഒരു ധനിക കുടുംബത്തിലായിരുന്നു ഫ്ലോറൻസ് നൈറ്റിങ്ഗേലിന്‍റെ ജനനം. എല്ലാ സുഖങ്ങളും ഉണ്ടായിട്ടും പാവപ്പെട്ടവരെ സേവിക്കുക എന്ന ദൗത്യവുമായി ആ കാലത്ത് ഏറ്റവും മോശപ്പെട്ട ജോലിയായി കരുതിയിരുന്ന നഴ്സിങ് തിരഞ്ഞെടുക്കുകയായിരുന്നു അവർ.


ക്രിമിയൻ യുദ്ധത്തിൽ പരിക്കേറ്റ് മരണാസന്നരായ പട്ടാളക്കാരെ ശുശ്രൂഷിക്കാനായി 1854 ഒക്ടോബർ 21ന് തുർക്കിയിലേക്ക് പുറപ്പെട്ടു. അവര്‍ തന്നെ പരിശീലനം നൽകിയ 38 നേഴ്‌സുമാരോടൊന്നിച്ചാണ് സ്‌കൂട്ടാരിയിലെ പട്ടാള ക്യാമ്പിലേക്ക് പോയത്. അവിടുത്തെ അവരുടെ കഠിനാധ്വാനമാണ് അവരെ ലോകം അറിയുന്ന വനിതയാക്കി തീർത്തത്. രാത്രി റാന്തൽ വിളക്കുമായി ഓരോ രോഗിയെയും നേരിട്ട് കണ്ടു അവർ സുഖാന്വേഷണം നടത്തി. വിളക്ക് കയ്യിലേന്തിവരുന്ന അവർ രോഗികൾക്ക് മാലാഖയായി.


അതിജീവനത്തിന്റെ ഈ കാലത്ത് ഭൂമിയിലെ മാലാഖാമാർക്ക് ബിഗ് സല്യൂട്ട്.