29 March 2024 Friday

പ്രവാസികളുമായുള്ള മൂന്നാമത്തെ വിമാനം ഇന്ന് കരിപ്പൂരിൽ എത്തും

ckmnews


കോഴിക്കോട് : വന്ദേഭാരത് മിഷന്റെ ഭാഗമായി ബഹ്‌റിനില്‍ കുടുങ്ങി കിടക്കുന്ന പ്രവാസി മലയാളികളുമായുള്ള പ്രത്യേക വിമാനം ഇന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാന താവളത്തിൽ എത്തും.

കുടുങ്ങി കിടക്കുന്ന മലയാളികളുമായി കരിപ്പൂരിൽ എത്തുന്ന മൂന്നാമത്തെ വിമാനമാണ് ഇന്ന് ബഹ്‌റിനില്‍ നിന്ന് പുറപ്പെടുന്നത്. ഇന്ന് രാത്രി 11:30 ത്തോടെ വിമാനം കരിപ്പൂരിലെത്തും

നേരത്തെ വൈകിട്ട് 4 30ന് കരിപ്പൂരിൽ എത്തും എന്നായിരുന്നു അറിയിച്ചിരുന്നത് അത്‌ പിന്നീട് രാത്രി 11 30 ലേക്ക് മാറ്റിയതായി അറിയിച്ചു.

അതെ സമയം വിമാനത്തിൽ 10 ജില്ലകളില്‍ നിന്നുള്ള 183 യാത്രക്കാരും ഒരു ഗോവ സ്വദേശിയുമടക്കം 184 പേരാണ് വിമാനത്തിൽ യാത്ര ചെയുന്നത്. Bഇവരെ സ്വീകരിച്ച് ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. കോവിഡ് ജാഗ്രതാ നടപടികള്‍ പൂര്‍ണ്ണമായും പാലിച്ചാവും യാത്രക്കാരെ വിമനത്തില്‍ നിന്ന് പുറത്തിറക്കുക. ഓരോ യാത്രക്കാരെയും എയ്റോ ബ്രിഡ്ജില്‍ വച്ചുതന്നെ തെര്‍മ്മല്‍ സ്‌കാനിങിനു വിധേയരാക്കും. തുടര്‍ന്ന് വിശദമായ ആരോഗ്യ പരിശോധന നടത്തിയ ശേഷം യാത്രക്കാരുടെ വിവര ശേഖരണം പൂര്‍ത്തിയാക്കും. ഇതിനുശേഷം എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ നടത്തിയാണ് യാത്രക്കാരെ പുറത്തിറക്കുക. പ്രകടമായ രോഗ ലക്ഷണങ്ങളുള്ളവരെ നേരിട്ട് ആശുപത്രികളിലേയ്ക്ക് മാറ്റും. ഗര്‍ഭിണികള്‍, 10 വയസിനു താഴെ പ്രായമുള്ള കുട്ടികള്‍, 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ തുടങ്ങി പ്രത്യേക പരിഗണനയിലുള്ളവരെ നേരിട്ട് വീടുകളിലേയ്ക്കും മറ്റുള്ളവരെ കോവിഡ് കെയര്‍ സെന്ററുകളിലേയ്ക്കുമാണ് അയക്കുക. ഇവര്‍ക്കെല്ലാം ആരോഗ്യ വകുപ്പിന്റെ കര്‍ശനമായ നിരീക്ഷണം ഏര്‍പ്പെടുത്തും. പ്രവാസികളെ കൊണ്ടുപോകാന്‍ ആംബുലന്‍സുകള്‍ ഉള്‍പ്പടെയുള്ള വാഹന സൗകര്യങ്ങള്‍ വിമാനത്താവള പരിസരത്തു തന്നെ സജ്ജമാക്കിയിട്ടുണ്ട്. 

അതേസമയം കേന്ദ്ര സർക്കാർ പുതുതായി പ്രഖ്യാപിച്ച പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള രണ്ടാം ഘട്ടം വിമാനസർവീസ്‌ പട്ടികയിൽ വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാലു വിമാനങ്ങൾ കരിപ്പൂരിൽ എത്തിയേക്കും.