16 April 2024 Tuesday

കഞ്ചാവ് വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് വീട്ടിലെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച്‌ പ്രതി ഓടി രക്ഷപ്പെട്ടു

ckmnews

മാള: കഞ്ചാവ് വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് വീട്ടിലെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച്‌ പ്രതി ഓടി രക്ഷപ്പെട്ടു. വലിയപറമ്ബ് കുരുവിലശ്ശേരി വില്ലേജ് കോളനി പ്രദേശത്തുള്ള അന്തിക്കാട് വീട്ടില്‍ പുഷ്പന്റെ മകന്‍ അരുണ്‍ (പൂപ്പന്‍- 24) ആണ് രക്ഷപ്പെട്ടത്.

ഇയാളില്‍നിന്ന് 25 ഗ്രാം കഞ്ചാവും 10 മയക്കുമരുന്ന് ഗുളികകളും കണ്ടെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ ടി ആര്‍ രാജേഷും സംഘവും പ്രതിയുടെ വീട്ടിലെത്തി കഞ്ചാവ് കണ്ടെടുക്കുന്നതിനിടയിലാണ് പ്രതി വീടിന്റെ പിന്‍വശംവഴി രക്ഷപ്പെട്ടത്. ഇയാളെ പിടികൂടാനായിട്ടില്ല. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് എക്‌സൈസ് സംഘം അറിയിച്ചു. പൂപ്പത്തി മേഖലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ കഞ്ചാവെത്തിക്കുന്നത് ഇയാളെന്ന് സൂചനയുണ്ട്.

പ്രിവന്റീവ് ഓഫിസര്‍മാരായ ഇ പി ദിപോസ്, സി കെ ദേവദാസ്, കെ ജി സന്തോഷ് ബാബു, ജോഷി ചക്കാലക്കല്‍, സിവില്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ ടി രാജേഷ്, വനിത എക്‌സൈസ് ഓഫിസര്‍ രജിത, ഡ്രൈവര്‍ ജിനേഷ് എന്നിവര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു. പ്രതിയുടെ ആക്രമണത്തില്‍ നിസ്സാരപരിക്കേറ്റ ഉദ്യോഗസ്ഥര്‍ പ്രാഥമിക ചികില്‍സ തേടി മടങ്ങി. കഞ്ചാവ് വില്‍പ്പനക്കും ഉദ്യോഗസ്ഥരെ ആക്രമിച്ച്‌ രക്ഷപ്പെട്ടതിന്റെ പേരിലും കേസെടുക്കുമെന്ന് മാള എക്‌സൈസ് അറിയിച്ചു.