20 April 2024 Saturday

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍; തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റ് നാളെ തുറക്കും

ckmnews

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് ശമിച്ച്‌ തുടങ്ങിയ പശ്ചാത്തലത്തില്‍ ഇന്ന് മുതല്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍. തുടര്‍ച്ചായായി മൂന്ന് ദിവസെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് താഴെ രേഖപ്പെടുത്തിയാലെ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നത് പരിഗണിക്കുകയുള്ളു. അതിനാല്‍ ജൂണ്‍ 9 വരെ നിയന്ത്രണങ്ങള്‍ തുടരും.

രോഗവ്യാപനം മൂര്‍ഛിച്ച സാഹചര്യത്തില്‍ ഘട്ടം ഘട്ടമായാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടിയത്. ഇത് ഫലം കണ്ടു എന്നാണ് വിദഗ്ധ സമിതിയുടെ കണ്ടത്തല്‍. 30 ശതമാനത്തിലെത്തിയ ടിപിആറാണ് നിലവില്‍ കുറഞ്ഞിരിക്കുന്നത്. ടിപിആര്‍ തുടര്‍ച്ചയായി താഴുകയാണെങ്കില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കും.



ഇളവുകള്‍

  • വ്യാവസായിക സ്ഥാപനങ്ങളും ഉല്‍‌പാദന കേന്ദ്രങ്ങളും (കശുവണ്ടി, കയര്‍, പ്രിന്റിങ് എന്നിവ അടക്കമുള്ളവ) കുറഞ്ഞ ജീവനക്കാരെ വച്ച്‌ പ്രവര്‍ത്തിക്കാം. 50 ശതമാനത്തിലധികം ജീവനക്കാരെ ജോലിക്ക് എത്തിക്കാനാവില്ല.
  • വ്യവസായങ്ങള്‍ക്ക് അസംസ്കൃത വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ / കടകള്‍ എന്നിവയ്ക്ക് കുറഞ്ഞ ജീവനക്കാരെ വച്ച്‌ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ വൈകുന്നേരം 5 മണി വരെ പ്രവര്‍ത്തിക്കാം
  • വ്യാവസായിക മേഖലകളില്‍ ആവശ്യമനുസരിച്ച്‌ കുറഞ്ഞ അളവില്‍ ബസുകള്‍ സര്‍വീസ് നടത്താന്‍ കെഎസ്‌ആര്‍ടിസിക്ക് അനുമതി
  • ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം അഞ്ച് വരെ പ്രവര്‍ത്തിക്കാം. ജൂണ്‍ ഒന്ന്, മൂന്ന്, അഞ്ച്, എട്ട് തീയതികള്‍ ബാങ്കുകള്‍ക്കും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്റ്റ് -1881 പ്രകാരമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്കും അവധി ദിവസമായിരിക്കും.
  • വിവാഹങ്ങള്‍ കണക്കിലെടുത്ത് തുണിത്തരങ്ങള്‍, പാദരക്ഷകള്‍ എന്നിവ വില്‍ക്കുന്ന കടകളും ജ്വല്ലറികളും തിങ്കളാഴ്ച, ബുധന്‍, വെള്ളി ദിവസങ്ങളില്‍ കുറഞ്ഞ ജീവനക്കാരുമായി രാവിലെ ഒമ്ബത് മുതല്‍ വൈകിട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കാന്‍ അനുമതി.
  • പുസ്തകങ്ങള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളുടെ പഠന സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ കുറഞ്ഞ ജീവനക്കാരെ വച്ച്‌ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ ഒമ്ബത് മുതല്‍ വൈകുന്നേരം അഞ്ച് വരെ പ്രവര്‍ത്തിക്കാം
  • കള്ള് ഷാപ്പുകളില്‍ പാര്‍സല്‍ അനുവദനീയമാണ്.
  • ദേശീയ സേവിംഗ്സ് സ്കീമിലെ ആര്‍ ഡി കളക്ഷന്‍ ഏജന്റുമാര്‍ക്ക് ആഴ്ചയിലൊരിക്കല്‍ പണം അയയ്ക്കാന്‍ അനുവാദമുണ്ട് ഇതിനായി എല്ലാ തിങ്കളാഴ്ചയും യാത്ര ചെയ്യാന്‍ അവരെ അനുവദിച്ചിരിക്കുന്നു.
  • എല്ലാ സ്ഥാപനങ്ങളും / കടകളും കര്‍ശനമായ കോവിഡ് പ്രോട്ടോക്കോളുകള്‍ ഉറപ്പാക്കണം.
  • സര്‍ക്കാര്‍ സര്‍വീസില്‍ പുതുതായി നിയമിതരായവര്‍ക്ക് പിഎസ്‌സി ശുപാര്‍ശ പ്രകാരം ജോലിയില്‍ പ്രവേശിക്കാനായി ഓഫീസിലേക്ക് യാത്ര ചെയ്യാം.


അതേസമയം, രോഗവ്യാപനം രൂക്ഷമായി തുടരുന്ന പഞ്ചായത്തുകളില്‍ നിയന്ത്രണം തുടരും. തൃശൂരിലെ ശക്തന്‍ മാര്‍ക്കറ്റ് നാളെ തുറക്കും. ഇതിന്റെ ഭാഗമായി തൊഴിലാളികള്‍ക്കും വ്യാപാരികള്‍ക്കും ഇന്ന് ആന്റിജന്‍ പരിശോധന നടത്തും. നെഗറ്റീവ് ഫലം ലഭിക്കുന്നവര്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി.

കര്‍ശന കോവിഡ് മാനദണ്ഡങ്ങളോടെയാണ് മാര്‍ക്കറ്റ് തുറക്കാന്‍ അനുവദിച്ചിരിക്കുന്നത്. ഒരു കടയില്‍ സാധനങ്ങള്‍ വില്‍ക്കുന്നതിനായി പരമാവധി മൂന്ന് പേര്‍ മാത്രം. രാവിലെ 8 മുതല്‍ 12 വരെ ചില്ലറ വ്യാപരം. മൊത്ത വ്യാപാര കടകള്‍ക്ക് പുലര്‍ച്ച ഒന്നുമുതല്‍ രാവിലെ എട്ട് വരെയും പ്രവര്‍ത്തിക്കാം.