19 April 2024 Friday

ആശങ്കയുടെ ജലനിരപ്പുയർത്തി അണക്കെട്ടുകൾ

ckmnews

*ആശങ്കയുടെ ജലനിരപ്പുയർത്തി അണക്കെട്ടുകൾ*



തൃശ്ശൂർ: കാലവർഷമടുക്കുന്നതും വേനൽമഴ ശക്തമായതും സംസ്ഥാനത്തെ അണക്കെട്ടുകളുടെ ജലനിരപ്പിൽ ആശങ്കയുണർത്തുന്നു. ഇടുക്കിയുൾപ്പടെയുള്ള അണക്കെട്ടുകളിൽ അടിയന്തരമായി ജലനിരപ്പ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതിസംഘടനകളും വിദഗ്ധരും സർക്കാരിനെ സമീപിച്ചു. പ്രളയസാധ്യത മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങൾ തുടങ്ങണമെന്നും കേരളത്തിലേക്ക് തുറക്കുന്ന തമിഴ്‌നാട് ഡാമുകളിലും ജലനിരപ്പ് താഴത്താൻ സർക്കാർതല ഇടപെടലുകൾ വേണമെന്നും ചീഫ് സെക്രട്ടറിക്ക്‌ നൽകിയ കത്തിൽ ആവശ്യപ്പെട്ടു.


മൺസൂൺ പ്രതീക്ഷയിൽ മേയ് അവസാനത്തോടെ ഡാമുകളിലെ ജലനിരപ്പ് പത്തു ശതമാനത്തിൽ എത്തിക്കാറുണ്ട്. ഇടുക്കിയുൾപ്പടെ ഏതാനും ഡാമുകളിലെ ജലനിരപ്പ് പതിവിലും ഏറെ ഉയർന്ന് നിൽക്കുകയാണ്. ഏപ്രിൽ 30 വരെയുള്ള കണക്കെടുത്താൽ ഈ വെള്ളമുപയോഗിച്ച് 165.7 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാം. മേയ് അവസാനമാകുമ്പോൾ വേനൽമഴയിലൂടെ 13 കോടി യൂണിറ്റു കൂടി ഉത്പാദിപ്പിക്കാനുള്ള വെള്ളം ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാലവർഷം വൈകുകയാണെങ്കിൽ ജൂണിലേക്കുള്ള വൈദ്യുതിക്കായി ഡാമുകളിൽ കരുതേണ്ടത് 70 കോടി യൂണിറ്റിനുള്ള വെള്ളം മാത്രമാണെന്നിരിക്കേയാണിത്.


ഇടുക്കി ഡാമിൽ മാത്രം 43 ശതമാനം വെള്ളമാണ് ഇപ്പോഴുള്ളത്. മൂലമറ്റം പവർഹൗസിൽ എട്ട് ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇപ്പോൾ ഉത്പാദിപ്പിക്കുന്നത്. ഇത് തുടർന്നാൽ മേയ് അവസാനം ഇടുക്കിയിൽ 35 ശതമാനം വെള്ളം ശേഷിക്കും. 2018 മേയ് 31-ന് ഇടുക്കിയിൽ 25 ശതമാനം വെള്ളമുണ്ടായിരുന്നുവെന്നും ഇത് ജൂലായിൽ 95 ശതമാനമായി ഉയർന്നുവെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.


തമിഴ്‌നാടിന്റെ കൈവശമുള്ളതും കേരളത്തിലേക്ക് തുറക്കുന്നതുമായ മുല്ലപ്പെരിയാർ, പറമ്പിക്കുളം, അപ്പർഷോളയാർ തുടങ്ങിയ ഡാമുകളിലെ ജലനിരപ്പ് താഴ്ത്തുന്നതിന് സർക്കാർ തല ഇടപെടലുകൾ നടത്തണം. തമിഴ്‌നാട് വഴങ്ങുന്നില്ലെങ്കിൽ കേരളം സുപ്രീംകോടതിയെ സമീപിക്കണണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.


സംസ്ഥാന നദീസംരക്ഷണ കൗൺസിൽ പ്രസിഡന്റ് ഡോ. എസ്. സീതാരാമൻ, എനർജി കൺസർവേഷൻ സൊസൈറ്റി പ്രസിഡന്റ് ഡോ. കെ. സോമൻ, കൊച്ചി സർവകലാശാല കാലാവസ്ഥ ഗവേഷണകേന്ദ്രം അസോസിയേറ്റ് ഡയറക്ടർ ഡോ. എസ്. അഭിലാഷ്, ചാലക്കുടിപുഴ സംരക്ഷണ സമിതി സെക്രട്ടറി എസ്.പി. രവി, തൃശ്ശൂർ നദീ ഗവേഷണ കേന്ദ്രത്തിലെ എസ്. ഉണ്ണികൃഷ്ണൻ, മൂവാറ്റുപുഴ നദീസംരക്ഷണസമിതിയിലെ ഡോ. ഷാജു തോമസ്, ചെർപ്പുളശ്ശേരി പുഴ സംഘടനയിലെ നിഭ നമ്പൂതിരി, മീനച്ചിൽ നദീസംരക്ഷണ സമിതി സെക്രട്ടറി എബി ഇമ്മാനുവൽ തുടങ്ങിയവർ സംയുക്തമായാണ് ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിരിക്കുന്നത്.