29 March 2024 Friday

കോവിഡ് സന്നദ്ധ പ്രവർത്തകൻ ഉൾപ്പെടെ മൂന്നു പേർ കഞ്ചാവ് വില്പനയ്ക്കിടയിൽ എരുമപ്പെട്ടി പോലീസിൻ്റെ പിടിയിൽ.

ckmnews

കോവിഡ് സന്നദ്ധ പ്രവർത്തകൻ ഉൾപ്പെടെ മൂന്നു പേർ കഞ്ചാവ് വില്പനയ്ക്കിടയിൽ എരുമപ്പെട്ടി പോലീസിൻ്റെ പിടിയിൽ.


എരുമപ്പെട്ടി:കഞ്ചാവ് വിൽപ്പനയ്ക്കിടയിൽ കോവിഡ് സന്നദ്ധ പ്രവർത്തകൻ ഉൾപ്പടെ മൂന്ന് പേരെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. എരുമപ്പെട്ടി പഞ്ചായത്തിലെ മൂന്നാം വാർഡിലെ താമസക്കാരനും അഞ്ചാം വാർഡിലെ സന്നദ്ധ പ്രവർത്തകനുമായ നെല്ലുവായ് കള്ളിവളപ്പിൽ സുബീഷ് (32) കാരപറമ്പിൽ ശ്രീരാഗ് ( 24 ) എരുമപ്പെട്ടി താളിക്ക പറമ്പിൽ മുഹമ്മദ് ഹാരിസ് (33) എന്നിവരെയാണ് ഇൻസ്പെക്ടൻ എം.ബി ലത്തീഫ്, എസ്.ഐ അബ്ദുൾ ഹക്കീം എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് പിടികൂടിയത്.വാഹന പരിശോധനയ്ക്കിടയിലാണ് സുബീഷും ശ്രീരാഗും പിടിയിലായത്.സന്നദ്ധ പ്രവർത്തകൻ്റെ കാർഡ് ധരിച്ചാണ് സുബീഷ് ബൈക്കിൽ സഞ്ചരിച്ചിരുന്നത്.ശ്രീരാഗ് പുറകിലിരിക്കുകയായിരുന്നു. 

കാർഡ് ധരിച്ചവരെ സാധാരണ പൊലീസ് പരിശോധിക്കാറില്ല.ഇവരെ കൈകാണിച്ച് നിർത്തി വിവരങ്ങൾ തിരക്കുമ്പോഴാണ് പൊലീസിന് കഞ്ചാവിൻ്റെ ഗന്ധം അനുഭവപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ കഞ്ചാവിൻ്റെ ചെറിയ പൊതികൾ ലഭിക്കുകയായിരുന്നു.


ഇവരെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് പ്രധാന കച്ചവടക്കാരനായ ഹാരിസിനെ കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് ഇയാളേയും പൊലീസ് പിടികൂടുകയായിരുന്നു. ഇയാളിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 70 ഗ്രാം തൂക്കം വരുന്ന ചെറിയ പൊതികൾ പൊലീസ് കണ്ടെടുത്തു. ഹാരിസ് മുമ്പ് ചന്ദനം മോഷണ കേസിലും പ്രതിയാണ്. ഇയാൾ നിരന്തരം യുവാക്കളെ കഞ്ചാവിന് അടിമകളാക്കിയതായും പൊലീസ് മനസിലാക്കിയിട്ടുണ്ട്.


എരുമപ്പെട്ടി പഞ്ചായത്തിൽ ഓരോ വാർഡുകളിലും നിരവധി പേർക്കാണ് സന്നദ്ധ പ്രവർത്തകർക്കുള്ള കാർഡുകൾ നൽകിയിട്ടുള്ളത്. എന്നാൽ പ്രവർത്തനം നടത്തുന്നത് വളരെ ചുരുക്കം പേർ മാത്രമാണ്. കാർഡ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായും ആക്ഷേപമുണ്ട്.