28 March 2024 Thursday

പൊന്നാനി പോലീസിനോട് അന്ന് രണ്ട് പെണ്‍കുട്ടികള്‍ വന്ന് പറഞ്ഞത് ഞങ്ങള്‍ക്കും പോലീസാവണം കുട്ടികളുടെ സ്വപ്നം പൂവണിയിച്ച് പൊന്നാനി പോലീസ് മൂന്ന് കൊല്ലത്തിനിപ്പുറത്ത് ഗുരുനാഥനൊപ്പം ഡ്യൂട്ടിക്കെത്തി ശ്രുതിയും രജിതയും

ckmnews

പൊന്നാനി പോലീസിനോട് അന്ന് രണ്ട് പെണ്‍കുട്ടികള്‍ വന്ന് പറഞ്ഞത് ഞങ്ങള്‍ക്കും പോലീസാവണം


കുട്ടികളുടെ സ്വപ്നം പൂവണിയിച്ച് പൊന്നാനി പോലീസ് മൂന്ന് കൊല്ലത്തിനിപ്പുറത്ത് ഗുരുനാഥനൊപ്പം ഡ്യൂട്ടിക്കെത്തി ശ്രുതിയും രജിതയും


പൊന്നാനി:എന്നെങ്കിലും ഒരു വനിതാ പൊലീസാകണം..’– അടക്കാനാകാത്ത ആ മോഹം രജിതയും ശ്രുതിയും തുറന്നു പറഞ്ഞത് പൊന്നാനി സ്റ്റേഷനിലെ അന്നത്തെ പൊലീസുകാരോടായിരുന്നു.. ഒരു ചെറു പുഞ്ചിരിയോടെ പൊലീസുകാർ അവർക്ക് ലക്ഷ്യത്തിലേക്കുള്ള വഴി കാണിച്ചു കൊടുത്തു ചേർത്തു നിർത്തി.. അവർക്ക് പരിശീലനം നൽകി.. പിഎസ്‍സി പരീക്ഷയ്ക്കുള്ള നിർദേശങ്ങൾ നൽകി.. ലക്ഷ്യം നേടാൻ കഠിനാധ്വാനം ചെയ്യാൻ പഠിപ്പിച്ചു.. 3 വർഷങ്ങൾക്കിപ്പുറം രജിതയും ശ്രുതിയും എവിടെയെത്തിയെന്ന് ചോദിച്ചാൽ.. അഭിമാനത്തോടെ പറയാം.. അവർ പൊന്നാനി പൊലീസ് സ്റ്റേഷനിൽ വനിതാ പൊലീസായെത്തി. അന്ന് സ്വപ്നത്തിനൊപ്പം നടക്കാൻ പഠിപ്പിച്ച പൊലീസുകാരൻ പി.ജെ.ആൽബർട്ടിനൊപ്പം ഡ്യൂട്ടി ചെയ്യുകയാണ് അവർ. 


ആൽബർട്ട് ഇന്ന് തീരദേശ പൊലീസ് സ്റ്റേഷനിലെ എസ്ഐയാണ്. ഡിവൈഎസ്പിയായി വിരമിച്ച സണ്ണി ചാക്കോ, എസ്ഐ എം.വി.വാസുണ്ണി എന്നിവരടങ്ങുന്ന സംഘമാണ് ഇവർക്ക് നിർദേശം നൽകി കൂടെ നിന്നത്. ഇൻസൈറ്റ് പൊന്നാനി എന്ന പേരിൽ ഒട്ടേറെ യുവാക്കൾക്ക് ഇവർ പരിശീലനം നൽകിയിട്ടുണ്ട്. ഇവരിൽ പലരും ഇന്ന് വിവിധ സർക്കാർ വകുപ്പുകളിൽ തൊഴിലിടം ഉറപ്പിച്ചിട്ടുണ്ട്. എടപ്പാൾ മാങ്ങാട്ടൂർ സ്വദേശി കൊട്ടാരത്തിൽ രജിത, പൊന്നാനി പുഴമ്പ്രം കുറ്റിക്കാട്ടുതറയിൽ ശ്രുതി എന്നിവരാണ് കഴിഞ്ഞ ദിവസം പൊന്നാനി സ്റ്റേഷനിലെത്തി കോവിഡ് കാല ഡ്യൂട്ടി ഏറ്റെടുത്തത്. ഏപ്രിലിലായിരുന്നു നിയമന ഉത്തരവ് ലഭിച്ച് ഇവരുടെ പൊലീസ് പരിശീലനം തുടങ്ങിയിരുന്നത്. കോവിഡ് നിയന്ത്രണങ്ങൾ വന്നതോടെ പരിശീലനം താൽക്കാലികമായി വീടിന് തൊട്ടടുത്തുള്ള സ്റ്റേഷനിൽ ഡ്യൂട്ടിക്കു ചെല്ലാൻ നിർദേശം ലഭിക്കുകയുമായിരുന്നു. ഇതനുസരിച്ചാണ് ശ്രുതിയും രജിതയും പൊന്നാനി സ്റ്റേഷനിൽ ഡ്യൂട്ടിക്കെത്തിയത്. 

തീരദേശ പൊലീസും ലോക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി നിരത്തിലിറങ്ങുന്നുണ്ട്. ഇതിനിടയ്ക്കാണ് ആൽബർട്ടുമായി ചേർന്ന് ഒരുമിച്ച് ഡ്യൂട്ടി ചെയ്യാനിടയായത്. അന്ന് സിഐയായിരുന്ന സണ്ണി ചാക്കോ തുടക്കമിട്ട ‘ഇൻസൈറ്റ് പൊന്നാനി’ പരിശീലന പരിപാടി ഒട്ടേറെ യുവാക്കളെയാണ് സ്വാധീനിച്ചത്. എം.വി.വാസുണ്ണിയാണ് ഇവർക്കുള്ള കായിക പരിശീലനങ്ങൾ നൽകിയിരുന്നത്. പി.ജെ.ആൽബർട്ട്, എ.ഷിജിൽ കുമാർ, ടി.കിഷോർ കുമാർ തുടങ്ങിയ പൊലീസുകാരും പരിശീലനത്തിന് നേതൃത്വം നൽകിയിരുന്നു.