19 April 2024 Friday

136 എംഎൽഎമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു; പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം

ckmnews

തിരുവനന്തപുരം: എംഎൽഎമാരുടെ സത്യപ്രതിജ്ഞയോടെ കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനത്തിന് തുടക്കമായി. 136 എംഎൽഎമാർ ഇന്ന് പ്രോ ടേം സ്പീക്കർ പിടിഎ റഹീമിന് മുമ്പിൽ സത്യപ്രതിജ്ഞ ചെയ്തു. മന്ത്രി വി അബ്ദുറഹമാൻ അടക്കം മൂന്ന് പേർക്ക് ഇന്ന് സഭയിലെത്തി സത്യപ്രതിജ്ഞ ചെയ്യാൻ ആയില്ല. നാളെയാണ് സ്പീക്കർ തെര‍ഞ്ഞെടുപ്പ്. 28ന് നയപ്രഖ്യാപന പ്രസംഗം. ജൂൺ നാലിനാണ് ബജറ്റ്. 14 വരെയാണ് സഭാ സമ്മേളനം. 

സ്പീക്കർ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ എം ബി രാജേഷിനെതിരെ കോൺഗ്രസ് പി സി വിഷ്ണുനാഥിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. 

വളളിക്കുന്ന് എംഎൽഎ അബ്ദുൾ ഹമീദ് മാസ്റ്ററാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. താനൂരിൽ നിന്ന് വിജയിച്ച മന്ത്രി വി അബ്ദുറഹമാൻ, നെന്മാറയിൽ നിന്ന് ജയിച്ച കെ ബാബു, കോവളത്ത് നിന്ന് വിജയിച്ച എ വിൻസന്റ് എന്നിവർക്ക് ആരോഗ്യപ്രശ്നം മൂലം ഇന്ന് സത്യപ്രതിജ്ഞക്ക് ഹാജരായില്ല.

മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് കന്നടയിലാണ്. പാലാ എംഎൽഎ മാണി സി കാപ്പൻ ഇംഗ്ലീഷിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ടിപിയുടെ ചിത്രമുള്ള ബാഡ്ജണിഞ്ഞാണ് വടകര എംഎൽഎ കെ കെ രമ സഭയിലെത്തിയത്. കെ കെ രമയടക്കം 53 പുതുമുഖങ്ങളാണ് ഇക്കുറി സഭയിലേക്ക് വിജയിച്ച് കയറിയത്. വരും ദിവസങ്ങളിൽ പ്രതിപക്ഷ നിരയിൽ പ്രത്യേക ബ്ലോക്കും ആർഎംപിക്ക് അനുവദിച്ചിട്ടുണ്ട്.

സ്ഥാനമാനങ്ങൾ മാറിയതിനൊപ്പം പുതിയ ക്രമീകരണങ്ങളും ശ്രദ്ധേയമായി. ഒന്നാംനിരയിൽ   മുഖ്യമന്ത്രിയുടെ തൊട്ടരികിൽ രണ്ടാമനായി എം വി ഗോവിന്ദൻ. ഘടകകക്ഷി നേതാക്കൾ കഴിഞ്ഞാൽ ഒന്നാം നിരയിൽ സിപിഎമ്മിൽ കെ രാധാകൃഷ്ണും, കെ എൻ ബാലഗോപാലും മാത്രം. മുൻ മന്ത്രിമാരായ കെ കെ ഷൈലജ, കടകംപള്ളി സുരേന്ദ്രൻ, എ സി മൊയ്തീൻ, ടി പി രാമകൃഷണൻ, എം എം മണി എന്നിവർ മൂന്നാം നിരയിലേക്ക് ഒരുമിച്ച് മാറി.

പ്രതിപക്ഷത്ത് വി ഡി സതീശൻ ഒന്നാമനായപ്പോൾ രമേശ് ചെന്നിത്തല രണ്ടാം നിരയിലേക്ക് മാറി. കുഞ്ഞാലിക്കുട്ടി മടങ്ങി വന്നതോടെ മുൻ പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറും രണ്ടാംനിരയിലായി.