19 April 2024 Friday

ടൌട്ടെയ്ക്ക് പിന്നാലെ കരുത്താര്‍ജ്ജിച്ച് യാസ്; ബുധനാഴ്ചയോടെ നിലം തൊടും

ckmnews

ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് ശക്തമായ മഴയ്ക്ക് കാരണമായ ടൌട്ടെയ്ക്ക് പിന്നാലെ വടക്ക് കിഴക്കന്‍ തീരത്ത് ആഞ്ഞ് വീശാനായി യാസ് ചുഴലിക്കാറ്റ് തയ്യാറെടുക്കുന്നതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു. ഇന്ന് പകല്‍ ചുഴലിക്കാറ്റായി രൂപപ്പെട്ട യാസ് നാളെയോടെ ശക്തിയാര്‍ജ്ജിക്കും. ബുധനാഴ്ച പുലര്‍ച്ചയോടെ കരതൊടുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ മണിക്കൂറിൽ 90 കിലോമീറ്റർ വേഗത്തിലാണ് ചുഴലിക്കാറ്റ് സഞ്ചരിക്കുന്നത്. എന്നാല്‍ ബുധനാഴ്ചയോടെ ഒഡീഷ-പശ്ചിമ ബംഗാൾ തീരങ്ങളിൽ പാരാദ്വീപിനും സാഗർദ്വീപിനും ഇടയിൽ 185 കിലോമീറ്റർ വേഗത്തിൽ യാസ് ചുഴലിക്കാറ്റ് കരതൊടുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ഒമാനാണ് ഇത്തവണ ചുഴലിക്കാറ്റിന് പേരിട്ടിരിക്കുന്നത്. സുഗന്ധമുള്ള പൂക്കൾ വഹിക്കുന്ന ഒരു വൃക്ഷത്തിന്‍റെ പേരാണ് യാസ്.