20 April 2024 Saturday

ലോക്ക് ഡൗണില്‍ വഴിയടഞ്ഞു:വാഹനപരിശോധനയില്‍ പോലീസിനെ ഇടിച്ച് പരിക്കേല്‍പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാവ് കുടുങ്ങി. കുറ്റിപ്പുറം പോലീസിന്റെ പിടിയിലായ പൊന്നാനി സ്വദേശി റിമാന്റില്‍

ckmnews

ലോക്ക് ഡൗണില്‍ വഴിയടഞ്ഞു:വാഹനപരിശോധനയില്‍ പോലീസിനെ ഇടിച്ച് പരിക്കേല്‍പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാവ് കുടുങ്ങി.


കുറ്റിപ്പുറം പോലീസിന്റെ പിടിയിലായ പൊന്നാനി സ്വദേശി റിമാന്റില്‍ 


കുറ്റിപ്പുറം:മോഷണംകഴിഞ്ഞ് മടങ്ങിയ മോഷ്ടാവ് വാഹനപരിശോധനക്കിടയിൽ പോലീസിന്റെ പിടിയിലായി.കൈകാണിച്ചിട്ടും നിർത്താതെ മുന്നോട്ടെടുത്ത മോഷ്ടാവിന്റെ ബൈക്കിടിച്ച് പോലീസ് ഇൻസ്പെക്ടർക്ക് പരിക്കേൽക്കുകയുംചെയ്തു.ഒട്ടേറേ മോഷണക്കേസുകളിൽ പ്രതിയായ പൊന്നാനി കറുത്തമാക്കാനകത്ത് ബദറുദ്ദീ(39)നാണ് പിടിയിലായത്. കുറ്റിപ്പുറം പോലീസ് ഇൻസ്പെക്ടർ സി. പ്രേമാനന്ദ കൃഷ്ണനാണ് പരിക്കേറ്റത്.കഴിഞ്ഞദിവസം രാവിലെ ആറോടെ അയങ്കലത്താണ് സംഭവം. ബൈക്കിൽ അമിതവേഗതയിലെത്തിയ യാത്രക്കാരനോട് പോലീസ് കൈകാണിച്ച് വാഹനം നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ, പോലീസിനെ ഇടിച്ചുതെറിപ്പിച്ച് മുന്നോട്ടുനീങ്ങാനാണ് ബൈക്ക് യാത്രക്കാരൻ ശ്രമിച്ചത്.ഇൻസ്പെക്ടറുടെ കൈയിൽ തട്ടിയതോടെ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞു.

അപകടത്തിൽ കൈക്ക്‌ പരിക്കേറ്റ ഇൻസ്‌പെക്ടറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിശോധനയിൽ കൈക്ക്‌ പൊട്ടലുണ്ട്‌.യാത്രക്കാരനെ ശ്രദ്ധിച്ചപ്പോഴാണ് ഒട്ടേറേ കേസുകളിലെ പ്രതിയായ ആളാണെന്ന് പോലീസിന് മനസ്സിലായത്.കൂടുതൽ ചോദ്യം ചെയ്തതോടെയാണ് മോഷണംകഴിഞ്ഞുള്ള വരവാണെന്ന് പ്രതി സമ്മതിച്ചത്. മോഷ്ടിച്ച മൂന്ന് മൊബൈൽഫോണുകളും പ്രതിയിൽനിന്ന് പോലീസ് കണ്ടെടുത്തു.

നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ മോഷണംനടത്തുന്നത് പതിവാക്കിയ മോഷ്ടാവാണ് പ്രതി. കുറ്റിപ്പുറം മിനിപമ്പയിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയിൽ കിടന്നുറങ്ങുകയായിരുന്ന ഡ്രൈവറുടെ മൊബൈൽഫോൺ മോഷ്ടിച്ച് വരുന്നതിനിടെയാണ് പോലീസിന്റെ മുന്നിൽവന്ന് പെട്ടത്. മറ്റ് രണ്ട് ഫോണുകൾ എവിടെനിന്ന് മോഷ്ടിച്ചതാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.പ്രതി ഇതിനുമുൻപും മോഷണക്കേസിൽ കുറ്റിപ്പുറം പോലീസിന്റെ പിടിയിലായിട്ടുണ്ട്.പൊന്നാനി സ്വദേശിയാണെങ്കിലും പ്രതി ഇപ്പോൾ കണ്ണൂർ തളിപ്പറമ്പിലാണ് താമസിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.