29 March 2024 Friday

കേരളത്തിൽ നാളെ സമ്പൂർണ്ണ ലോക്ക് ഡൗൺ; അവശ്യ സേവനങ്ങൾക്ക് മാത്രം പ്രവർത്തനാനുമതി

ckmnews



കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നാളെ നടത്തുന്ന ലോക്ക്ഡൗൺ സമ്പൂർണമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവശ്യ സർവീസുകൾ മാത്രമായിരിക്കും ഞായറാഴ്ച അനുവദിക്കുക. സമ്പൂർണ ലോക്ക് ഡൗൺ ആയതിനാൽ ഇളവുകൾ ഒരു സോണിലും ബാധകമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ചത്തെ ലോക്ക്ഡൗണിൽ മാർഗനിർദേശങ്ങളായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ആശുപത്രികൾ, ലാബുകൾ, മെഡിക്കൽ സ്റ്റോറുകൾ, അനുബന്ധ സ്ഥാപനങ്ങൾ, കോവിഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവക്ക് പ്രവർത്തനാനുമതിയുണ്ട്. പാൽ വിതരണം, ശേഖരണം എന്നിവ അനുവദിക്കും. ഹോട്ടലുകളിൽ പാഴ്സൽ സർവീസ് കൗണ്ടറുകൾ പ്രവർത്തിക്കാം. മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ടവയ്ക്കും പ്രവർത്തിക്കാം.


യാത്രാനുമതിയുടെ അവശ്യ സേവനങ്ങള്‍ക്കായി പരിമിതപ്പെടുത്തിയിട്ടുണ്ട്. മെഡിക്കൽ ആവശ്യങ്ങൾക്കും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഉദ്യോഗസ്ഥർക്കും സന്നദ്ധ പ്രവർത്തകർക്കും അനുവദിനീയമായ കാര്യങ്ങൾക്കായി പ്രവർത്തിക്കുന്നവർക്കും മാത്രമാണ് യാത്രാനുമതിയുള്ളത്. മറ്റ് അടിയന്തര സാഹചര്യം വന്നാൽ ജില്ലാ അധികാരിയുടെയോ പോലീസിന്റെയോ പാസുമായി മാത്രം സഞ്ചരിക്കാമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.


അതേസമയം, മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികൾ പാസ് ഇല്ലാതെ യാത്രയ്ക്ക് ഒരുങ്ങരുതെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. ഓരോ ദിവസവും പാസ് അനുവദിക്കുന്നതിന് കണക്കുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു