19 April 2024 Friday

റഹീലയുടെ സങ്കടം തുടച്ച് 'സാന്ത്വനം' പ്രവർത്തകർ പണവും സ്വര്‍ണ്ണവും സമ്മാനിച്ചു

ckmnews

റഹീലയുടെ  സങ്കടം തുടച്ച് 'സാന്ത്വനം' പ്രവർത്തകർ പണവും സ്വര്‍ണ്ണവും സമ്മാനിച്ചു


എടപ്പാൾ: മകളുടെ വിവാഹ സ്വപ്നങ്ങൾക്കൊപ്പം ജീവിതത്തിൻ്റെ ദുരവസ്ഥ വിവരിച്ച് സമൂഹമാധ്യമത്തിൽ സഹായാഭ്യർഥന നടത്തിയ കുടുംബിനിക്ക് എസ് വൈ എസ് 'സാന്ത്വനം' കൂട്ടായ്മയുടെ മാംഗല്യ സമ്മാനം!


ഇന്ന് ( 23, ഞായർ) വിവാഹിതയാവുന്ന എടപ്പാൾ പൊറൂക്കരയിലെ ഇബ്രാഹീം - ജമീല ദമ്പതികളുടെ മകൾ റഹീലയ്ക്കാണ് 

നടുവട്ടം എസ് വൈ എസ് സാന്ത്വനം മെഡിക്കൽ സെൻ്റർ,

കേരള മുസ്‌ലിം ജമാഅത്ത് എsപ്പാൾ സോൺ എന്നിവയുടെ ആഭിമുഖ്യത്തിലുള്ള സന്നദ്ധ കൂട്ടായ്മ പണവും സ്വർണവും നൽകി സാന്ത്വനമേകിയത്..


"എൻ്റെ കല്യാണം നടന്നില്ലെങ്കിലും കുഴപ്പമില്ല. സുഖമില്ലാത്ത വാപ്പച്ചിയുടെയും ഉമ്മച്ചിയുടെയും സങ്കടങ്ങൾ കാണാൻ വയ്യ. ഒരു ആങ്ങളയുണ്ടായിരുന്നെങ്കിൽ ഈയൊരു അവസ്ഥ വരില്ലായിരുന്നു. കാൽ മുറിച്ചു കളഞ്ഞ വാപ്പയ്ക്കും ഹൃദ് രോഗിയായ ഉമ്മയ്ക്കും പകരമായി ആരുടേയെങ്കിലും മുമ്പിൽ കൈ നീട്ടാമായിരുന്നല്ലോ..."


ഏതാനും ദിവസം മുമ്പ് വാട്സാപ്പിൽ പ്രചരിച്ച റഹീലയുടെ വേദന നിറഞ്ഞ വാക്കുകളായിരുന്നു ഇത്. 


ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് 'സാന്ത്വനം' പ്രവർത്തകർ ഈ കുടുംബവുമായി ബന്ധപ്പെട്ടത്.


ദാരിദ്ര്യവും രോഗങ്ങളും കീഴ്‌പ്പെടുത്തിയ ഈ വീട്ടിൽ വിവാഹ പ്രായമെത്തിയ മറ്റൊരു പെൺകുട്ടിയും ഉണ്ട്.


സുമനസ്സുകളുടെ സഹകരണത്തോടെ സ്വരൂപ്പിച്ച അരലക്ഷം രൂപയും സ്വർണ വളയും സ്വർണ മോതിരവും റഹീലയുടെ കുടുംബത്തിനു കൈമാറാനായി  'സാന്ത്വനം' സംഘത്തെ ഏൽപ്പിച്ചു. നടുവട്ടം സാന്ത്വനം മെഡിക്കൽ സെൻ്റർ സെക്രട്ടറി ഹസൻ നെല്ലിശ്ശേരിയിൽ നിന്ന്  ശരീഫ് ചിയ്യാനൂർ, റഫീഖ് പെരുമുക്ക്, സലാം നരിപ്പറമ്പ്, ഫൈസൽ പെരുമുക്ക് എന്നിവർ ഏറ്റുവാങ്ങി കുടുംബത്തിന് കൈമാറി.