29 March 2024 Friday

ടോക്കിയോ ഒളിംപിക്‌സ്; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാലും മാറ്റില്ല; അന്താരാഷ്ട്ര കമ്മിറ്റി

ckmnews



ടോക്കിയോ ഒളിംപിക്‌സ് നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി. നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാലും മാറ്റി വയ്ക്കില്ലെന്നും ഐ.ഒ.സി വ്യക്തമാക്കി. അതേസമയം കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഒളിംപിക്‌സ് മാറ്റിവയ്ക്കണമെന്ന ആവശ്യം ശക്തമാണ്.

ഒളിംപിക്‌സ് മത്സരങ്ങളുമായി മുന്നോട്ടുപോയാല്‍ കൊവിഡ് കൈവിട്ട് പോകുമെന്ന് ജപ്പാനിലെ ഡോക്ടര്‍മാരും മുന്നറിയിപ്പ് നല്‍കി. ആശുപത്രികള്‍ കൊവിഡ് രോഗികള കൊണ്ട് നിറഞ്ഞിരിക്കെ, സാഹസത്തിന് മുതിരരുതെന്ന് ഡോക്ടര്‍മാരുടെ സംഘടന ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് ഐ.ഒ.സി നിലപാട് വ്യക്തമാക്കിയത്. ഒളിംപിക്‌സില്‍ പങ്കെടുക്കുന്നവരും ജപ്പാന്‍ ജനതയും ആശങ്കപ്പെടേണ്ടതില്ലെന്നും മത്സരങ്ങൾ സുരക്ഷിതമായി നടത്താനാവുമെന്നും അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി കോര്‍ഡനേഷന്‍ കമ്മിറ്റി ചെയര്‍ ജോണ്‍ കോയെറ്റ്‌സ് പറഞ്ഞു.

ഒളിംപിക്‌സിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും 23ന് നടക്കേണ്ട ഉദ്ഘാടന ചടങ്ങിലേക്ക് ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകുകയാണെന്നും കോയെറ്റ്‌സ് വ്യക്തമാക്കി. ജൂലൈ 23 മുതല്‍ ഓഗസ്റ്റ് എട്ടുവരെയാണ് ഒളിംപിക്‌സ്. കഴിഞ്ഞ വര്‍ഷം നടക്കേണ്ട ഒളിംപിക്‌സ് കൊവിഡ് വ്യാപനത്തെത്തുടര്‍ന്നാണ് ഈ വര്‍ഷത്തേക്ക് മാറ്റിയത്.