23 April 2024 Tuesday

പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്ന് മാറ്റമില്ല; തിരുവനന്തപുരത്ത് ഡീസലിന് 90 രൂപ കടന്നു

ckmnews

തിരുവനന്തപുരം: രാജ്യത്ത് ഇന്ന് പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 93.04 രൂപയും ഡീസലിന് 83.80 രൂപയുമാണ്. പെട്രോളിന് 19 പൈസയും ഡീസലിന് 29 പൈസയും വെള്ളിയാഴ്ച എണ്ണ കമ്ബനികള്‍ വര്‍ധിപ്പിച്ചിരുന്നു. ഇന്നലത്തെ വര്‍ധനവോടെ മുംബൈയില്‍ പെട്രോള്‍ വില 100നോട് അടുത്തു. ഒരു ലിറ്റര്‍ പെട്രോളിന് മുംബൈയില്‍ 99.34 രൂപയാണ്. ഡീസലിന് 91.01 രൂപയും.


മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില ഇതിനോടകം 100 രൂപ പിന്നിട്ടു. രാജ്യത്ത് ഏറ്റവും അധികം ഇന്ധനവില നിലവിലുള്ളത് രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലാണ്. ഇവിടെ ഒരു ലിറ്റര്‍ പെട്രോളിന് 104 രൂപയും ഡീസലിന് 96.62 രൂപയുമാണ്. രത്നഗിരി, പര്‍ഭാരി, ഔറംഗാബാഗ്, ഇന്‍ഡോര്‍, ഭോപ്പാല്‍, ഗ്വാളിയോര്‍, ജയ്സാല്‍മര്‍, ബന്‍സ്വാര എന്നീ നഗരങ്ങളില്‍ ദിവസങ്ങള്‍ക്ക് മുന്‍പേ പെട്രോള്‍ വില 100 രൂപ കടന്നിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നശേഷം മെയ് 4 മുതലാണ് എണ്ണ കമ്ബനികള്‍ പ്രതിദിന വില വര്‍ധന പുനരാരംഭിച്ചത്. ഈ മാസം ഇതുവരെ 11 തവണയാണ് വില വര്‍ധനവുണ്ടായത്. പെട്രോള്‍ ലിറ്ററിന് ആകെ 2.69 രൂപയും ഡീസലിന് 3.07 രൂപയുമാണ് ഇതുവരെ വര്‍ധിച്ചത്. രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലെ ഇന്ധന വില (പെട്രോള്‍/ ഡീസല്‍ ലിറ്ററിന്): ചെന്നെ- 94.71/ 88.62, കൊല്‍ക്കത്ത- 93.11/ 86.64, നോയിഡ- 90.61/ 84.04, ഗുരുഗ്രാമം- 90.66/ 83.94.


ഭാരത് പെട്രോളിയം കോര്‍പറേഷന്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ പൊതുമേഖല എണ്ണ കമ്ബനികള്‍ ഓരോ ദിവസവും രാവിലെ ആറിനാണ് ചില്ലറ വില്‍പന പുതുക്കുന്നത്. രാജ്യാന്തര വിപണിയിലെ എണ്ണ വിലയും ഡോളര്‍- രൂപ വിനിമയ നിരക്കും കണക്കാക്കിയാണ് ഓരോ ദിവസവും വില്‍പന വില നിശ്ചയിക്കുന്നത്. എന്നാല്‍ പ്രാദേശിക നികുതികളും ചരക്കുകൂലിയും അനുസരിച്ച്‌ ഓരോ നഗരത്തിലും വിലയില്‍ വ്യത്യാസപ്പെട്ടിരിക്കും. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെല്ലാം തന്നെ ഇന്ധന വില സര്‍വകാല റെക്കോര്‍ഡിലാണ്. തിരുവനന്തപുരത്ത് ഡീസല്‍ വില ഇന്നലെ 90 കടന്നു. ഇന്ധന വില കുത്തനെ ഉയര്‍ന്നതിന്റെ ഫലമായി രാജ്യത്ത് പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നേക്കുമെന്നാണ് സാമ്ബത്തിക വിദഗ്ധരുടെ അഭിപ്രായം. ഡീസല്‍ വില ഉയരുന്നതിന്റെ ചരക്ക് സേവന നിരക്ക് ഉയരുന്നതിനും കാരണമാകും. ഇത് എഫ്‌എംസിജി, പഴം, പച്ചക്കറി, ഇരുമ്ബ്, ഉരുക്ക് തുടങ്ങിയവയുടെ വില വര്‍ധനവിനും ഇതു കാരണമാകും.


സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോള്‍ / ഡീസല്‍ വില (ലിറ്ററിന്)


അലപ്പുഴ - 93.57 / 88.72

എറണാകുളം- 93.19 / 88.36

ഇടുക്കി - 93.62/ 88.76

കണ്ണൂര്‍- 93.95 / 88.81

കാസര്‍ഗോഡ് - 93.95/ 89.10

കൊല്ലം - 94.40/ 89.50

കോട്ടയം- 93.79/ 88.92

കോഴിക്കോട്- 93.52 / 88.70

മലപ്പുറം- 93.78/ 88.94

പാലക്കാട്- 94.22/ 89.33

പത്തനംതിട്ട- 94.21/ 89.31

തൃശ്ശൂര്‍- 93.57/ 88.72

തിരുവനന്തപുരം- 95.02/ 90.08

വയനാട് - 94.47 / 89.53


അതേസമയം, രാജ്യാന്തര വിപണിയില്‍ തുടര്‍ച്ചയായ മൂന്നു ദിവസം വില താഴ്ന്നുനിന്നശേഷം ഇന്ന് എണ്ണ വില വര്‍ധിച്ചു. യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡോയില്‍ വില ബാരലിന് 1.64 വര്‍ധിച്ച്‌ 63.58 ഡോളറിനാണ് വ്യാപാരം നടക്കുന്നത്. ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 1.33 വര്‍ധനയുമായി 66.44 ഡോളറായി. കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് പല സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ലോകത്തെ മൂന്നാമത്തെ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയില്‍ എണ്ണയുടെ ആവശ്യകത കുറഞ്ഞിട്ടുണ്ട്.