18 April 2024 Thursday

കലി തുള്ളി കടല്‍ പൊന്നാനി താലൂക്ക് പരിധിയിൽ കടലാക്രമണം രൂക്ഷമാവുന്നു

ckmnews



പൊന്നാനി:അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെത്തുടർന്ന് പൊന്നാനി താലൂക്ക് പരിധിയിൽ  കടലാക്രമണം രൂക്ഷമായി.വെളിയങ്കോട് പത്തുമുറി,തണ്ണിത്തുറ മേഖലയിലെ നിരവധി വീടുകളാണ് തകർച്ചാഭീഷണിയിലുള്ളത്.വെളിയങ്കോട്, പാലപ്പെട്ടി മേഖലകളിൽ പതിനഞ്ചോളം വീടുകളിൽ വെള്ളം കയറി. വ്യാഴാഴ്ച രാവിലെ മുതലാണ് പൊന്നാനി താലൂക്ക് മേഖലയിൽ  കടലാക്രമണം ശക്തമായത് . കടലിനോട് ചേർന്നുള്ള എല്ലാ വീടുകളിലും വെള്ളം കയറി. രാവിലെ മുതൽ മേഖലയിൽ കൂറ്റൻ തിരമാലകളാണ് ആഞ്ഞടിച്ചത്. തിരമാലകൾ മീറ്ററുകളോളം കരയിലേക്ക് ഇരച്ചെത്തി. വീടുകൾക്കകത്തും വെള്ളം കെട്ടി നിൽക്കുകയാണ്.വെളിയങ്കോട് തണ്ണിത്തുറ, പത്തുമുറി, അജ്മീർ നഗർ, കാപ്പിരിക്കാട്, പൊന്നാനി ലൈറ്റ് ഹൗസ് മേഖലകളിലാണ് കടൽ രൂക്ഷമായത്. ഈ മേഖലയിൽ നൂറുകണക്കിന് തെങ്ങുകൾ അപകട ഭീഷണിയിലാണ്.ന്യൂനമർദ്ദം തുടരുന്നതിനാൽ വരും ദിവസങ്ങളിലും, കടലാക്രമണം  ശക്തമാകാൻ  സാധ്യതയുണ്ടെന്ന്  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.എന്നാൽ, കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ക്യാമ്പുകളിലേക്ക് മാറാൻ വീട്ടുകാർ തയ്യാറാവുന്നില്ല