20 April 2024 Saturday

ഇതര സംസ്ഥാനത്തുനിന്ന്‌ മടങ്ങാന്‍ നോര്‍ക്ക രജിസ്‌ട്രേഷന്‍ വേണ്ട ; ജാഗ്രത പോര്‍ട്ടലില്‍ മാത്രം രജിസ്‌റ്റര്‍ ചെയ്‌താല്‍ മതി

ckmnews


മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് മടങ്ങാനുള്ള അനുമതിക്ക് ഇനി കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍മാത്രം അപേക്ഷിച്ചാല്‍ മതി. രജിസ്ട്രേഷന്‍ നടപടി ലളിതവും സുഗമവുമാക്കാനാണ് നോര്‍ക്ക രജിസ്ട്രേഷന്‍ ഒഴിവാക്കിയത്. നോര്‍ക്കയില്‍ മടക്കയാത്രാ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കും അല്ലാത്തവര്‍ക്കും ഡിജിറ്റല്‍ പാസിനായി www.covid19jagratha.kerala.nic.in ല്‍ അപേക്ഷിക്കാം.

രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ ലഭിച്ച നമ്ബര്‍ ഉപയോഗിച്ച്‌ പോര്‍ട്ടലിലെ പബ്ലിക് സര്‍വീസ് ഓപ്ഷനില്‍ ട്രാവല്‍ പാസിനായും അപേക്ഷിക്കണം. മൊബെല്‍ നമ്ബര്‍, വാഹനനമ്ബര്‍, ചെക്ക് പോസ്റ്റ്, എത്തിച്ചേരുന്ന സമയം തുടങ്ങിയ വിവരങ്ങള്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം.ഒരേ വാഹനത്തില്‍ യാത്ര ചെയ്യുന്ന കുടുംബാംഗങ്ങളെയോ അല്ലാത്തവരെയോ ഉള്‍പ്പെടുത്തി ഗ്രൂപ്പ് തയ്യാറാക്കി വിവരങ്ങളും നല്‍കണം.


കലക്ടര്‍മാര്‍ അപേക്ഷകന്റെ മൊബൈല്‍ ഫോണ്‍, ഇ മെയില്‍ വഴി പാസ് ലഭ്യമാക്കും. അനുമതി ലഭിച്ചവര്‍ക്ക് നിര്‍ദിഷ്ട ദിവസം യാത്ര തിരിക്കാന്‍ സാധിച്ചില്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ വരാം.


അഞ്ച് സീറ്റുള്ള വാഹനത്തില്‍ നാലും ഏഴു സീറ്റുള്ള വാഹനത്തില്‍ അഞ്ചും വാനില്‍ 10 ഉം ബസില്‍ 25ഉം പേര്‍ക്ക് യാത്ര ചെയ്യാം. ചെക്ക് പോസ്റ്റുവരെ വാടകവാഹനത്തില്‍ വരുന്നവര്‍ സംസ്ഥാനത്ത് യാത്ര ചെയ്യാന്‍ സ്വയം വാഹനം ക്രമീകരിക്കണം. ഈ വാഹനങ്ങളില്‍ ഡ്രൈവറെ മാത്രമേ അനുവദിക്കൂ.


ഡ്രൈവര്‍ യാത്രയ്ക്കുശേഷം ഹോം ക്വാറന്റൈനില്‍ പോകണം. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് യാത്രക്കാരെ കൊണ്ടുവരുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കുള്ള മടക്കയാത്രാ പാസ് കലക്ടര്‍മാര്‍ വഴി ലഭ്യമാക്കും.


ചെക്ക് പോസ്റ്റില്‍ വൈദ്യപരിശോധന നടത്തണം. എല്ലാ യാത്രക്കാരും കോവിഡ്–-19 ജാഗ്രതാ മൊബൈല്‍ ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ ബന്ധുക്കളെ കൊണ്ടുവരാന്‍ പോകുന്നവര്‍ക്ക് യാത്രയ്ക്കും തിരിച്ചുവരാനുമുള്ള പാസുകള്‍ക്ക് യാത്രക്കാരന്റെ ജില്ലാ കലക്ടറാണ് പാസ് നല്‍കേണ്ടത്. യാത്രയുമായി ബന്ധപ്പെട്ട് അവിചാരിത ബുദ്ധിമുട്ടുണ്ടായാല്‍ അതത് ചെക്ക് പോസ്റ്റുകളുമായോ സെക്രട്ടറിയറ്റിലെ വാര്‍ റൂമുമായോ (ഫോണ്‍: 0471 2781100, 2781101) ബന്ധപ്പെടാം.


www.covid19jagratha.kerala.nic.in


4379 പേര്‍ കേരളത്തിലെത്തി

ഇതര സംസ്ഥാനങ്ങളില്‍നിന്ന് തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി 4379 പേര്‍ കേരളത്തിലെത്തി. സംസ്ഥാനത്തെ ആറു ചെക്ക് പോസ്റ്റുകള്‍ വഴിയാണ് ഇവരെ കടത്തിവിട്ടത്. കേരളത്തിലെത്താന്‍ 1,80,540 പേരാണ് ഇതുവരെ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 25,410 പേര്‍ക്ക് പാസ് നല്‍കി. ഇവര്‍ വരും ദിവസങ്ങളില്‍ സംസ്ഥാനത്തെത്തും.


തിരുവനന്തപുരം ഇഞ്ചിവിള ചെക്ക് പോസ്റ്റ് വഴി 215 പേര്‍ കേരളത്തില്‍ എത്തി. ഇതില്‍ കാസര്‍കോട് ഒഴിച്ചുള്ള ജില്ലകളില്‍ നിന്നുള്ളവരുണ്ട്. 2574 പേരാണ് വാളയാര് അതിര്ത്തി കടന്നത്. 1865 പുരുഷന്മാരും 488 സ്ത്രീകളും 206 കുട്ടികളുമാണ് വന്നത്. 1,063 വാഹനങ്ങളും കടത്തിവിട്ടു. കുമളി വഴി തമിഴ്നാട്ടില്‍നിന്ന് ചൊവ്വാഴ്ച 259 പേര്‍ എത്തി. തിങ്കളാഴ്ച 29 പേര്‍ എത്തിയിരുന്നു.


മഞ്ചേശ്വരം ചെക്പോസ്റ്റിലൂടെ രണ്ടുദിവസമായി 771 പേര്‍ വന്നു. 1352 അപേക്ഷ ലഭിച്ചതില്‍ 781 പാസ് അനുവദിച്ചു. കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റിലൂടെ 59 വാഹനങ്ങളിലായി 126 പേര്‍ എത്തി. ഇവരെ വീടുകളില്‍ ക്വാറന്റൈനിലാക്കി. 357 പേര്‍ക്കാണ് പാസ് നല്‍കിയിരുന്നത്. വരുംദിവസങ്ങളിലേക്കായി 679 പേര്‍ക്ക് പാസ് അനുവദിച്ചിട്ടുണ്ട്.


വയനാട് മുത്തങ്ങ ചെക്ക്പോസ്റ്റിലൂടെ 119 വാഹനങ്ങളിലായി ചൊവ്വാഴ്ച എത്തിയത് 275 പേരാണ്. തിങ്കളാഴ്ച 127 പേര്‍ എത്തിയിരുന്നു. ഇതോടെ മുത്തങ്ങ വഴി എത്തിയവര്‍ 402 ആയി.


യാത്രാനുമതിക്ക് അപേക്ഷിക്കേണ്ട ലിങ്കുകള്‍

കര്‍ണാടക: https://sevasindhu.karnataka.gov.in/sevasindhu/English.


തമിഴ്നാട്: https://tnepass.tnega.org.


ആന്ധ്രാപ്രദേശ്: www.spandana.ap.gov.in.


തെലങ്കാന: dgphelpline-coron@tspolicegov.in.


ഗോവ: www.goaonline.gov.in( helpdesk no 08322419550).


ചെക്ക് പോസ്റ്റുകളില്‍ പരിശോധന വൈകരുത്

സംസ്ഥാനത്തേക്ക് വരാന്‍ രജിസ്റ്റര്‍ ചെയ്ത് പാസുമായി എത്തുന്നവര്‍ ചെക്ക്പോസ്റ്റുകളില്‍ കുടുങ്ങിക്കിടക്കുന്ന അവസ്ഥ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നേരത്തേ നിശ്ചയിച്ചുനല്‍കിയ സമയത്താണ് അവരെത്തുന്നത്. പെട്ടെന്ന് പരിശോധനകള്‍ പൂര്‍ത്തിയാക്കി യാത്ര തുടരാന്‍ കഴിയണം. കാലതാമസം ഒഴിവാക്കണം. അതിര്‍ത്തികളില്‍ നിശ്ചയിക്കപ്പെട്ട ഉദ്യോഗസ്ഥര്‍മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. സ്വീകരണ പരിപാടി അനുവദിക്കില്ല.


മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ളവരെ തിരിച്ചെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്താന്‍ ശ്രമം തുടരുകയാണ്. പഞ്ചാബ്, ഹരിയാന, ഡല്‍ഹിപോലുള്ള സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ വിദ്യാര്‍ഥികളെ വേഗം എത്തിക്കേണ്ടതുണ്ട്. അവരെ ഡല്‍ഹി കേന്ദ്രമാക്കി ട്രെയിന്‍വഴി തിരിച്ചുകൊണ്ടുവരാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. അന്തര്‍ സംസ്ഥാന യാത്രയ്ക്ക് വാഹനം കിട്ടാന്‍ പ്രയാസമുണ്ട്. ഈ പ്രശ്നം പരിഹരിക്കാന്‍ സംവിധാനം ആലോചിക്കുന്നുണ്ട്. ഇതുവരെ 14,896 അതിഥിത്തൊഴിലാളികള്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് പോയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.