15 June 2021 Tuesday

വളാഞ്ചേരിയും വട്ടപ്പാറയും ഒഴിവാക്കി ആറുവരിപ്പാത:നിർമാണത്തിന് സെപ്റ്റംബറോടെ തുടക്കം;

ckmnews

വളാഞ്ചേരിയും വട്ടപ്പാറയും ഒഴിവാക്കി ആറുവരിപ്പാത:നിർമാണത്തിന് സെപ്റ്റംബറോടെ തുടക്കം;


കുറ്റിപ്പുറം:ജില്ലയിലൂടെ കടന്നുപോകുന്ന ആറുവരിപ്പാതയുടെ നിർമാണം ഈ വർഷം സെപ്റ്റംബറോടെ ആരംഭിക്കും. രണ്ടര വർഷത്തിനകം നിർമാണം പൂർത്തിയാകും. ജില്ലാ അതിർത്തിയായ ഇടിമുഴിക്കൽ മുതൽ കാപ്പിരിക്കാട് വരെയുള്ള 76 കിലോമീറ്റർ ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിന് ഹൈദരാബാദ് ആസ്ഥാനമായ കെഎൻആർസിഎൽ കരാർ ഏറ്റെടുത്തു. അദാനി ഗ്രൂപ്പ് അടക്കമുള്ള 4 വൻകിട കമ്പനികളാണ് പദ്ധതിക്കായി ടെൻഡർ നൽകിയിരുന്നത്. ഇതിൽ ഏറ്റവും കുറവ് തുകയ്ക്കാണ് കെഎൻആർ കൺസ്ട്രക്‌ഷൻസ് ലിമിറ്റഡ് ടെൻഡർ പിടിച്ചത്.വാളയാർ–കോയമ്പത്തൂർ ദേശീയപാത അടക്കമുള്ള പദ്ധതികൾ ഏറ്റെടുത്ത് കാലാവധിക്ക് മുൻപായി പൂർത്തിയാക്കിയ കമ്പനിയാണ് കെഎൻആർസിഎൽ. ടെൻ‍ഡർ എടുത്ത് 3 മാസത്തിനകം നിർമാണം ആരംഭിക്കണമെന്നാണ് ചട്ടം. ഇതനുസരിച്ച് ജില്ലയിലെ ദേശീയപാത വികസനം ഉടൻ ആരംഭിക്കും. ദേശീയപാത വികസനത്തിനായി ജില്ലയിൽനിന്ന് ഏറ്റെടുക്കുന്ന 203 ഹെക്ടർ ഭൂമിയുടെയും കെട്ടിടങ്ങളുടെയും നഷ്ടപരിഹാരത്തുകയുടെ വിതരണം 3 മാസത്തിനകം പൂർത്തിയാക്കും.ജില്ലയിലെ സ്ഥലം ഏറ്റെടുപ്പിനായി ചെലവ് വരുന്നത് 3,496 കോടി രൂപയാണ്. കഴിഞ്ഞ ദിവസം വരെ 613 കോടി രൂപയാണ് നഷ്ടപരിഹാരത്തുകയായി വിതരണം ചെയ്തത്. ഭൂവുടമകൾക്ക് പണം കൈമാറിയ ശേഷം മാത്രമാണ് ജോലികൾ ആരംഭിക്കുക. ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്ന ജോലികളാണ് ആദ്യഘട്ടത്തിൽ നടക്കുക. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട രേഖകളുടെ കൈമാറ്റം പൂർത്തിയായവർക്ക് തുക നൽകിവരുന്നുണ്ട്. മുഴുവൻ പേർക്കും പണം കൈമാറിയശേഷം ഭൂമി നിർമാണത്തിനായി കരാർ കമ്പനിക്ക് കൈമാറും. തിരക്കേറിയ വളാഞ്ചേരി ടൗണും വട്ടപ്പാറ വളവും അടക്കം ഒഴിവാക്കിയാണ് പുതിയ ആറുവരിപ്പാത കടന്നുപോവുക.

ckmnews