29 March 2024 Friday

ഇന്ന് വയനാട്ടിലെ 3 പേർക്ക് കോവിഡ്; രോഗമുക്തരില്ല

ckmnews

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.


മൂന്നുപേരും വയനാട് ജില്ലക്കാരാണ്. സമ്പര്‍ക്കം മൂലമാണ് മൂവര്‍ക്കും രോഗബാധയുണ്ടായത്. കഴിഞ്ഞദിവസം ചെന്നൈയില്‍ പോയി വന്ന വാഹനത്തിന്റെ ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ആ ഡ്രൈവറുടെ അമ്മയ്ക്കും ഭാര്യക്കും വാഹനത്തിലെ ക്ലീനറുടെ മകനുമാണ് രോഗം സ്ഥിരീകരിച്ചത്.


മറ്റിടങ്ങളില്‍ പോയി തിരിച്ചെത്തുമ്പോള്‍ പാലിക്കേണ്ട സുരക്ഷാക്രമീകരണങ്ങള്‍ അയഞ്ഞാല്‍ ഉണ്ടാകുന്ന അപകടത്തിന്റെ സൂചനയാണ് ഇതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


ഇന്ന് രോഗബാധയുള്ളവരുടെ ആരുടെയും പരിശോധനാഫലം നെഗറ്റീവായി വന്നിട്ടില്ല. ഇതുവരെ 502 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ കഴിയുന്ന രോഗബാധിതരുടെ എണ്ണം 37 ആണ്. നിരീക്ഷണത്തിലുള്ളത് 21,342 പേരാണ്. 21,034 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.