24 April 2024 Wednesday

തവനൂരില്‍ ഇഞ്ചോടിഞ്ച് മത്സരം നന്മ മരത്തിന് മുന്നിന്‍ വന്‍മരം കടപുഴകുമോ:തവനൂരിലെ ഫലം ഉറ്റു നോക്കി രാഷ്ട്രീയ കേരളം

ckmnews

തവനൂരില്‍ ഇഞ്ചോടിഞ്ച് മത്സരം 

നന്മ മരത്തിന് മുന്നിന്‍ വന്‍മരം കടപുഴകുമോ:തവനൂരിലെ ഫലം ഉറ്റു നോക്കി രാഷ്ട്രീയ കേരളം


തവനൂർ:സംസ്ഥാനത്ത് തന്നെ ഏറ്റവും ശക്തമായ മല്‍സരം നടന്ന മണ്ഡലമാണ് തവനൂര്‍.രാഷ്ട്രീയ കേരളം തവനൂരിന്റെ രാഷ്ട്രീയ വിധി അറിയാനുള്ള കാത്തിരിപ്പിലാണ്.ഇവിടെ ആര് ജയിക്കുമെന്ന് പറയാന്‍ സാധിക്കാത്ത സാഹചര്യമാണ്. 2016ല്‍ കെടി ജലീല്‍ 17000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലത്തില്‍ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിക്കപ്പെടുന്നത്. രണ്ട് ചാനലുകളുടെ പ്രവചനങ്ങളില്‍ വിപരീത ഫലങ്ങളാണ് വന്നിരിക്കുന്നത്. ഇത് മണ്ഡലത്തില്‍ ആര്‍ക്കും വ്യക്തമായ മേല്‍ക്കൈ ഇല്ലെന്നതിന്റെ സൂചനയായി വിലയിരുത്തുന്നു.


നിമയസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന വേളയില്‍ ഇടതുപക്ഷം വലിയ പ്രതീക്ഷയിലായിരുന്നു തവനൂരില്‍.തുടര്‍ച്ചയായി രണ്ടു തവണ ജയിച്ച ജലീല്‍ തന്നെ കളത്തിലിറങ്ങുമ്പോള്‍ ആവേശം വാനോളം. ജലീലിന്റെ സാന്നിധ്യം കൊണ്ടുതന്നെ തവനൂര്‍ താരമണ്ഡലവുമായി. ശക്തനായ എതിരാളിയെ തേടിയ യുഡിഎഫ് എത്തിയത് ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനടുത്താണ്. അദ്ദേഹം മല്‍സരത്തിന് ഇറങ്ങിയതോടെ ട്രെന്‍ഡ് മാറാന്‍ തുടങ്ങി. ഏറ്റവും ഒടുവില്‍ പ്രചരാണം അവസാനിക്കുമ്പോള്‍ ബലാബലം എന്ന നിലയിലേക്ക് യുഡിഎഫിന് എത്താന്‍ സാധിച്ചത് നേട്ടമായി കോണ്‍ഗ്രസ്-മുസ്ലിം ലീഗ് നേതാക്കള്‍ വിലയിരുത്തുന്നു.


വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വ്യാഴാഴ്ച പുറത്തുവന്ന രണ്ട് ചാനലുകളുടെ എക്‌സിറ്റ് പോളുകളും ഭിന്നമാണ്. മാതൃഭൂമി ന്യൂസ്-ആക്‌സിസ് മൈ ഇന്ത്യ നടത്തിയ സര്‍വ്വെയില്‍ ജലീല്‍ ജയിക്കുമെന്ന് പ്രവചിക്കുന്നു. എന്നാല്‍ തൊട്ടുപിന്നില്‍ ഫിറോസ് ഉണ്ടെന്നും സൂചിപ്പിക്കുന്നു. അതായത് ശക്തമായ മല്‍സരം നടക്കുമെന്ന് ചുരുക്കം. അതേസമയം, മനോരമ ന്യൂസ്-വിഎംഎആര്‍ സര്‍വ്വെയില്‍ ഫിറോസ് ജയിക്കുമെന്നാണ് പ്രവചനം. നേരിയ വോട്ടുകള്‍ക്കാണ് ഫിറോസിന്റെ വിജയം പ്രവചിക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് മനോരമ നടത്തിയ സര്‍വ്വെയില്‍ ജലീല്‍ ജയിക്കുമെന്നായിരുന്നു പ്രവചിച്ചിരുന്നത് എന്നതും എടുത്തുപറയേണ്ടതാണ്.


ഒന്നര പതിറ്റാണ്ടു മുന്‍പ് കെ.ടി. ജലീല്‍ സ്വയം പണിതുയര്‍ത്തിയ കോട്ട ഇപ്രാവശ്യം തകര്‍ക്കപ്പെട്ടാല്‍ അത് ജലീലിന്‍റെ ഇനിയുളള രാഷ്ട്രീയയാത്രക്ക് വെല്ലുവിളിയാകും. ഫിറോസ് കുന്നുംപറമ്പിലിനെ കൈപ്പത്തി ചിഹ്നത്തില്‍ കളത്തിലിറക്കി ജലീലിനെ പിടിക്കാനുളള കഥയും തിരക്കഥയുമെല്ലാം തയാറാക്കിയത് മുസ്്ലീംലീഗാണ്. വോട്ടെടുപ്പിന് പിന്നാലെ മന്ത്രിസ്ഥാനം രാജി വയ്ക്കേണ്ടി വന്ന കെ.ടി. ജലീലിന് ജയം നിര്‍ബന്ധമാണ്.


മലപ്പുറത്ത് ലീഗ് പയറ്റുന്ന തന്ത്രങ്ങളിലെല്ലാം മാസ്റ്ററെടുത്ത ശേഷമാണ് താന്‍ ഇടതുപക്ഷത്തിന്റെ ഭാഗമായതെന്ന ആത്മവിശ്വാസത്തോടെയാണ് കെ.ടി. ജലീല്‍ ഇപ്രാവശ്യം മല്‍സരത്തിനിറങ്ങിയത്. സന്നദ്ധപ്രവര്‍ത്തകനായ ഫിറോസ് കുന്നുംപറമ്പില്‍ പ്രചാരണത്തില്‍ ഒപ്പത്തിനൊപ്പം കുതിച്ചതോടെ തവനൂര്‍ മണ്ഡലം രൂപീകൃതമായ ശേഷം കണ്ട കടുത്ത പോരാട്ടമായിത്. പഴയ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്ന നിലയിലുണ്ടായിരുന്ന രാഷ്ട്രീയ വ്യക്തിബന്ധങ്ങള്‍ വോട്ടാക്കി മാറ്റുന്ന ജലീലിന്റെ പരമ്പാരഗത തിരഞ്ഞെടുപ്പു തന്ത്രം ഇപ്രാവശ്യം തടഞ്ഞുവെന്ന അവകാശവാദമാണ് യുഡിഎഫ് ക്യാംപില്‍ നിന്നു വരുന്നത്. എന്നാല്‍ അതിനപ്പുറമുള്ള പിന്തുണ തനിക്ക് മണ്ഡലത്തിലുണ്ടെന്ന ആത്മവിശ്വാസത്തിലാണ് കെ.ടി. ജലീല്‍.


സിപിഎം സഹയാത്രികനായി നാലാമത്തെ തിരഞ്ഞെടുപ്പിനെ നേരിടുമ്പോഴും അംഗത്വമില്ലാതെ തന്നെ പാര്‍ട്ടി കേഡറിനു നല്‍കുന്ന എല്ലാം പിന്തുണയും ജലീലിന് ലഭിക്കുന്നുണ്ട്. തവനൂരില്‍ ജയിച്ചു കയറിയാല്‍ ഇനിയും ആ പിന്തുണ തുടരും. ജനവിധി മറിച്ചാണെങ്കില്‍ ആ പിന്തുണ കുറയുമോ എന്ന ചോദ്യം സ്വാഭാവികമാണ്.