18 April 2024 Thursday

സ്പീക്കറുടെ സ്വന്തം മണ്ഡലം കാക്കാന്‍ നന്ദകുമാറിന് കഴിയുമോ:അടിയൊഴുക്കുകളില്‍ പ്രതീക്ഷ അര്‍പ്പിച്ച് യുഡിഎഫ്

ckmnews

സ്പീക്കറുടെ സ്വന്തം മണ്ഡലം കാക്കാന്‍ നന്ദകുമാറിന് കഴിയുമോ:അടിയൊഴുക്കുകളില്‍ പ്രതീക്ഷ അര്‍പ്പിച്ച് യുഡിഎഫ്


മലപ്പുറം: കഴിഞ്ഞ രണ്ട് തവണ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ജയിച്ച മണ്ഡലമാണ് പൊന്നാനി. ഇത്തവണ ആദ്യം ശ്രീരാമകൃഷ്ണന്റെ പേര് ഉയര്‍ന്ന് വന്നിരുന്നെങ്കിലും സിഐടിയു ദേശീയ നേതാവായ പി നന്ദകുമാറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. എ എം രോഹിത്താണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. സുബ്രഹ്മണ്യന്‍ ചുങ്കപ്പള്ളിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.



മണ്ഡലത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ശക്തമായ മത്സരമാണ് നടക്കുന്നതെങ്കിലും യുഡിഎഫിനാണ് നേരിയ മുന്‍തൂക്കം സര്‍വേകൾ പ്രവചിക്കുന്നത്. ഓരോ തെരഞ്ഞെടുപ്പിലും വോട്ടുവിഹിതം കൂടിവരുന്നത് ഇടതുമുന്നണിക്ക് പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും സ്ഥാനാർഥി പ്രഖ്യാപനത്തിനെ തുടര്‍ന്നുണ്ടായ പ്രതിഷേധം എങ്ങനെ വോട്ടനെ ബാധിച്ചു എന്ന് കണ്ടറിയണം. നന്ദകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ സ്ത്രീകളും കുട്ടികളും അടക്കമുള്ള പാര്‍ട്ടി അനുഭാവികള്‍ കടുത്ത പ്രതിഷേധമായിരുന്നു ഉയര്‍ത്തിയിരുന്നത്. പൊന്നാനി ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ ടി എം സിദ്ദീഖിനെ സ്ഥാനാര്‍ത്ഥി ആക്കണം എന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. പ്രാദേശിക നേതാവായ ടി എം സിദ്ദീഖിന് മണ്ഡലത്തിലുള്ള ജനപിന്തുണയായിരുന്നു പ്രതിഷേധത്തിന് കാരണം.ഭൂരിപക്ഷം കുറഞ്ഞാലും ജയിച്ച് കയറും എന്ന പ്രതീക്ഷയില്‍ തന്നെയാണ് സിപിഎം നേതൃത്വം എങ്കിലും അടിയൊഴുക്കുകളില്‍ പ്രതീക്ഷ കൈവിടാതെയാണ് യുഡിഎഫ് അന്തിമ ഫലത്തിന്  കാത്തിരിക്കുന്നത്.രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന പൊന്നാനിയുടെ വിധിയറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം