20 April 2024 Saturday

തമിഴ്നാട്ടിൽ നിന്ന് സംസ്ഥാനത്തേക്കെത്തിയ മലയാളികളെ തമിഴ്നാട് പോലീസ് തടഞ്ഞു

ckmnews

തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്കുവന്ന മുപ്പതുമലയാളികളെ തമിഴ്നാട് പൊലീസ് കളിയിക്കാവിളയിലെ ചെക്പോസ്റ്റിൽ തടഞ്ഞു. ഇവർക്ക് തമിഴ്നാട് നൽകുന്ന പാസ് ഇല്ല എന്നകാരണം പറഞ്ഞായിരുന്നു പോലീസ് നടപടി. നോർക്കയുടെ പാസ് കാണിച്ചെങ്കിലും ഇതുപോരെന്നാണ് പൊലീസിന്റെ നിലപാട്. തമിഴ്നാടിന്റെ പാസിനെക്കുറിച്ച് തങ്ങൾക്ക് അറിയില്ലെന്നായിരുന്നു യാത്രക്കാരുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് തിരുവനന്തപുരം ജില്ലാ കളക്ടർ കന്യാകുമാരി കലക്ടറുമായി ബന്ധപ്പെട്ടത്. കളിയിക്കാവിള അതിർത്തിയിൽ തമിഴ്നാട് സർക്കാരിന്റെ പാസില്ലാതെ എത്തുന്നവർക്കു മാത്രമാണ് സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ അനുമതി കിട്ടാത്തതെന്ന് ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു.

വാഹനത്തിനും വ്യക്തികൾക്കും അതിർത്തി കടന്നു വരാനുള്ള തമിഴ്നാട് സർക്കാരിന്റെ പാസ് ആവശ്യമാണെന്നും കളക്ടർ അറിയിച്ചു. കന്യാകുമാരി, നാഗർകോവിൽ, തോവാള പ്രദേശങ്ങളിൽ നിന്നും പതിനഞ്ചു വാഹനങ്ങളിലായി മുപ്പതുമലയാളികളാണ് കേരളത്തിലേക്ക് പുറപ്പെട്ടത്. അതേ സമയം ഓൺലൈൻ അപേക്ഷ നൽകിയാൽ വേഗം തന്നെ പാസ് ലഭ്യമാകുമെന്നും ചെക്പോപോസ്റ്റിൽ തുടരുന്നവർക്ക് ഉടൻ തന്നെ സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ കഴിയുമെന്നും ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അറിയിച്ചു.