28 March 2024 Thursday

വടക്കുംനാഥ ക്ഷേത്രത്തിലെ പൂജാരിക്ക് കോവിഡ്; ഭക്തജനങ്ങള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം ഇല്ല; ഏഴു ദിവസം പ്രസാദ വിതരണം നിര്‍ത്തിവെച്ചു

ckmnews

തൃശൂര്‍: തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ഒരു പൂജാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് 3 ദിവസം ക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. 7 ദിവസം പ്രസാദ വിതരണം നിര്‍ത്തിവച്ചു. തന്ത്രിയുടെ നിര്‍ദ്ദേശം അനുസരിച്ച്‌ ആണ് ക്ഷേത്രം അടക്കുവാന്‍ തീരുമാനിച്ചത്. അതേസമയം, ഇന്ന് മുതല്‍ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുകയാണ്.

വിവാഹ ചടങ്ങുകള്‍ക്ക് പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 75ല്‍ നിന്ന് 50 ആയി ചുരുക്കിയിട്ടുണ്ട്. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ സ്വകാര്യ ചടങ്ങുകള്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്ക് പങ്കെടുക്കാനാണ് അനുമതി.

ആരാധനാലയങ്ങളില്‍ കര്‍ശന നിയന്ത്രണം നടപ്പാക്കണമെന്ന് മുഖ്യമന്ത്രി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. റമദാന്‍ ചടങ്ങുകളില്‍ പള്ളികളില്‍ പരമാവധി 50 പേര്‍ക്ക് മാത്രമേ പങ്കെടുക്കാനാവൂ. ചെറിയ പള്ളികളാണെങ്കില്‍ എണ്ണം ഇനിയും ചുരുക്കണം. നമസ്‌കരിക്കാന്‍ പോകുന്നവര്‍ പായ സ്വന്തമായി കൊണ്ടു പോകണം. ദേഹശുദ്ധി വരുത്താന്‍ പൈപ്പ് വെള്ളം ഉപയോഗിക്കണം. ആരാധനാലയങ്ങളില്‍ ഭക്ഷണവും തീര്‍ത്ഥവും നല്‍കുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.