25 April 2024 Thursday

കോവിഡ് പരിശോധന; ഇന്ത്യ യിൽ നിന്നുള്ള യാത്രക്കാർക്ക് പുതിയ നിർദ്ദേശവുമായി യുഎഇ വിമാനക്കമ്പനികൾ

ckmnews

അബുദാബി: ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്കും അബുദാബിയിലേക്കുമുള്ള യാത്രക്കാര്‍ക്കുള്ള പിസിആര്‍ പരിശോധന നിബന്ധനയില്‍ മാറ്റം വരുത്തി യുഎഇ വിമാന കമ്പനികള്‍. ഇന്ന് (ഏപ്രില്‍ 22) മുതല്‍ ഇന്ത്യയില്‍ നിന്ന് അബുദാബിയിലേക്ക് വരുന്നവര്‍ യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനകം എടുത്ത കൊവിഡ് 19 പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അബുദാബി വിമാനത്താവളത്തില്‍ ഹാജരാക്കിയാല്‍ മതിയെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ് അറിയിച്ചു. 48 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് പരിശോധനാ ഫലം ഹാജരാക്കണമെന്നായിരുന്നു നേരത്തെ നല്‍കിയ അറിയിപ്പ്. 

ഇന്ത്യയിലെ അംഗീകൃത ലബോറട്ടറികളില്‍ നിന്ന് വേണം പരിശോധന നടത്താന്‍. യഥാര്‍ത്ഥ റിപ്പോര്‍ട്ടുമായി ബന്ധിപ്പിക്കുന്ന ക്യൂ ആര്‍ കോഡും സര്‍ട്ടിഫിക്കറ്റില്‍ നിര്‍ബന്ധമാണ്. അതേസമയം 12 വയസ്സിന്  താഴെയുള്ളവര്‍, അംഗവൈകല്യമുള്ളവര്‍, ട്രാന്‍സിറ്റ് വിസയിലെത്തുന്നവര്‍ എന്നിവര്‍ക്ക് പുതിയ നിബന്ധന ബാധകമല്ലെന്ന് അധികൃതര്‍ അറിയിച്ചു. ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍, പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍ വ്യക്തമാക്കി. അംഗീകൃത ലബോറട്ടറികളില്‍ നിന്നാവണം പരിശോധന നടത്തേണ്ടത്. മാത്രമല്ല ഒറിജിനല്‍ റിപ്പോര്‍ട്ടുമായി ബന്ധിപ്പിക്കുന്ന ക്യൂ ആര്‍ കോഡും സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടാവണമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍ വെബ്‌സൈറ്റില്‍ അറിയിച്ചു.