23 April 2024 Tuesday

മാതൃസംസ്ഥാനത്തേക്ക് മടങ്ങിവരുന്നവര്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ ഇവയാണ്

ckmnews

മടങ്ങിവരാന്‍ ഉദ്ദേശിക്കുന്ന ജില്ലയിലെ കലക്ടറില്‍നിന്ന്​ covid19jagratha.kerala.nic.in എന്ന വെബ്സൈറ്റിലൂടെ യാത്രാനുമതി വാങ്ങണം

കോവിഡ് ജാഗ്രത വെബ്സൈറ്റില്‍ ലഭ്യമായ സ്ലോട്ടുകളുടെ അടിസ്ഥാനത്തില്‍ യാത്രാതീയതിയും എന്‍ട്രി ചെക്ക് പോസ്​റ്റും തെരഞ്ഞെടുക്കുക.

കലക്ടറുടെ യാത്രാനുമതി ലഭിച്ചതിന് ശേഷം മാത്രമേ യാത്ര ആരംഭിക്കാന്‍ പാടുള്ളൂ.

യാത്രാവേളയില്‍ സാമൂഹിക അകലം പാലിക്കണം. അഞ്ച് സീറ്റര്‍ വാഹനത്തില്‍ നാലും ഏഴ് സീറ്റര്‍ വാഹനത്തില്‍ അഞ്ചും വാനില്‍ 10ഉം ബസില്‍ 25ഉം ആളുകള്‍ മാത്രമേ പാടുള്ളൂ.

അതിര്‍ത്തി ചെക്ക്പോസ്​റ്റുവരെ മാത്രം വാടക വാഹനത്തില്‍ വരികയും അതിന് ശേഷം മറ്റൊരു വാഹനത്തില്‍ യാത്രതുടരാന്‍ ആഗ്രഹിക്കുന്നവര്‍ അതത് സ്ഥലങ്ങളില്‍ വാഹനങ്ങള്‍ ക്രമീകരിക്കേണ്ടതാണ്. യാത്രക്കാരനെ കൂട്ടിക്കൊണ്ടുപോകുന്ന വാഹനത്തില്‍ ഡ്രൈവറെ മാത്രമേ അനുവദിക്കൂ. യാത്രക്ക് ശേഷം ഡ്രൈവറും ഹോം ക്വാറന്‍റീനില്‍ കഴിയണം. യാത്രക്കാരെ കൂട്ടുന്നതിനായി പോകുന്ന ഡ്രൈവറും കോവിഡ് ജാഗ്രത വെബ്സൈറ്റിലൂടെ കലക്ടര്‍മാരില്‍നിന്ന്​ എമര്‍ജന്‍സി പാസ് വാങ്ങണം.

മറ്റ് സംസ്ഥാനങ്ങളില്‍നിന്ന്​ യാത്രക്കാരെ കൊണ്ടുവരുന്ന വാടക വാഹനങ്ങള്‍ക്കുള്ള മടക്ക പാസ് കലക്ടര്‍മാര്‍ നല്‍കും.

കേരളത്തിലേക്ക്​ പ്രവേശിക്കുന്ന എല്ലാ യാത്രക്കാരും കേവിഡ് 19 ജാഗ്രതാ മൊബൈല്‍ ആപ്​ അവരവരുടെ ഫോണുകളില്‍ നിര്‍ബന്ധമായും ഇന്‍സ്​റ്റാള്‍ ചെയ്യണം.

യാത്രയുമായി ബന്ധപ്പെട്ട് അവിചാരിതമായി എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍ ഗവ. സെക്രട്ടേറിയറ്റിലെ വാര്‍ റൂമുമായോ (0471 2781100/2781101) നിര്‍ദിഷ്​ട അതിര്‍ത്തി ചെക്ക്പോസ്​റ്റുമായോ ബന്ധപ്പെടേണ്ടതാണ്.