29 March 2024 Friday

കര്‍ഫ്യൂ പ്രഖ്യാപിച്ചതിനു പിന്നാലെ, ലോക്ക് ‌ഡൗണുണ്ടാകുമെന്ന ഭീതിയില്‍ ഇതര സംസ്ഥാന തൊഴിലാളികളില്‍ പലരും നാട്ടിലേയ്‌ക്ക് മടങ്ങുന്നു.

ckmnews

കോട്ടയം: കര്‍ഫ്യൂ പ്രഖ്യാപിച്ചതിനു പിന്നാലെ, ലോക്ക് ‌ഡൗണുണ്ടാകുമെന്ന ഭീതിയില്‍ ഇതര സംസ്ഥാന തൊഴിലാളികളില്‍ പലരും നാട്ടിലേയ്‌ക്ക് മടങ്ങുന്നു. ഇവരുടെ മടക്കയാത്ര തുടര്‍ന്നാല്‍ നിര്‍മ്മാണ, വ്യവസായ മേഖലകള്‍ സ്‌തംഭത്തിലാകും.

കഴിഞ്ഞ വര്‍ഷം കൊവിഡ് പ്രതിസന്ധി രൂക്ഷമായപ്പോള്‍ ആദ്യം ജനതാ കര്‍ഫ്യൂവും പിന്നീട് രാത്രി കര്‍ഫ്യൂവും പ്രഖ്യാപിച്ചിരുന്നു. ഇതിനു ശേഷമാണ് ലോക്ക് ‌ഡൗണ്‍ നടപ്പാക്കിയത്. ഇത്തരം സാഹചര്യമുണ്ടായാല്‍ നാട്ടിലേയ്‌ക്ക് പോകാനാവില്ലെന്നാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ കരുതുന്നത്. കഴിഞ്ഞ ദിവസം നൂറിലേറെ തൊഴിലാളികള്‍ ട്രെയിന്‍, റോഡ് മാര്‍ഗം നാട്ടിലേയ്‌ക്ക് മടങ്ങി.

ജില്ലയില്‍ 15000 ത്തോളം തൊഴിലാളികള്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.കഴിഞ്ഞ തവണ ലോക്ക് ഡൗണുണ്ടായപ്പോള്‍ ഇവരില്‍ 90 ശതമാനം ആളുകളും സംസ്ഥാനത്ത് കുടുങ്ങിപ്പോയിരുന്നു. ലോക്ക് ‌ഡൗണില്‍ ഇളവുകള്‍ അനുവദിച്ചത്തോടെ ഇവര്‍ സ്‌പെഷ്യല്‍ ട്രെയിനുകളിലായാണ് നാട്ടിലേയ്‌ക്കു മടങ്ങിയത്. പലരും തിരികെ എത്തിയതുമില്ല. ഈ സാഹചര്യത്തിലാണ് ലോക്ക് ‌ഡൗണ്‍ പ്രഖ്യാപിക്കുമെന്ന സംശയം ഉയര്‍ന്നതോടെ പലരും നാട്ടിലേയ്‌ക്കു മടങ്ങുന്നത്.