20 April 2024 Saturday

തൃശൂർ പൂരം: അന്തിമ തീരുമാനം ഇന്ന്

ckmnews



തൃശൂർ; കോവിഡ് വ്യാപനം രൂക്ഷമായതോടെ തൃശൂർ പൂരം നടത്തിപ്പ് വലിയ ചർച്ചയായിരിക്കുകയാണ്. കർശന നിയന്ത്രണങ്ങൾ നീക്കണം എന്നാണ് ദേവസ്വങ്ങളുടെ ആവശ്യം. ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്ന് യോ​ഗം ചേരും. രാവിലെ പത്തരയ്ക്ക് ഓൺലൈൻ വഴിയാണ് യോഗം. കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പൂരം നടത്തിപ്പിന് തടസ്സമാകുമെന്നാണ് ദേവസ്വങ്ങളുടെ നിലപാട്. 

ആന പാപ്പാന്മാരെ ആർടിപിസിആർ പരിശോധനയിൽ നിന്ന് ഒഴിവാക്കണം, രോഗലക്ഷണമുളള പാപ്പാന്മാർക്ക് മാത്രം പരിശോധന നടത്തണം, ഒറ്റ ഡോസ് വാക്സീൻ സ്വീകരിച്ചവർക്ക് പൂരത്തിന് പ്രവേശനം നൽകണം തുടങ്ങിയ ആവശ്യങ്ങളാണ് ദേവസ്വങ്ങൾ പ്രധാനമായും ഉന്നയിച്ചത്. യോഗത്തിൽ ഈ ആവശ്യങ്ങൾ ചീഫ് സെക്രട്ടറിക്ക് മുന്നിൽ ദേവസ്വങ്ങൾ വെക്കും.

കോവിഡ് സാഹചര്യം കണക്കിലെടുത്ത് പൂരത്തിന് സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങള്‍ രംഗത്തെത്തിയിരുന്നു. അതിനിടെ പൂരം മാറ്റിവെക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാരിന് സാംസ്‌കാരിക പ്രവര്‍ത്തകർ കത്തു നൽകി. കെ.ജി ശങ്കരപ്പിള്ള, വൈശാഖന്‍, കല്‍പ്പറ്റ നാരായണന്‍, കെ വേണു തുടങ്ങിയ 34 സാംസ്കാരിക പ്രവർത്തകരാണ് ഒപ്പിട്ട് കത്ത് നൽകിയത്.