23 April 2024 Tuesday

കോവിഡ് പ്രതിസന്ധിയേക്കാള്‍ രൂക്ഷം ജീവിത പ്രതിസന്ധി:സാധാരണക്കാരുടെ നിത്യജീവിതം വഴിമുട്ടുന്നു

ckmnews

കോവിഡ് പ്രതിസന്ധിയേക്കാള്‍ രൂക്ഷം ജീവിത പ്രതിസന്ധി:സാധാരണക്കാരുടെ നിത്യജീവിതം വഴിമുട്ടുന്നു


ലോകത്തെ പിടിച്ച് കുലുക്കിയ കോവിഡ് മഹാമാരിയുടെ രണ്ടാം വരവ് സൃഷ്ടിക്കുന്ന ആശങ്കകള്‍ക്കപ്പുറമാണ് സാധാരണക്കാര്‍ നിത്യജീവിതത്തില്‍ നേരിടുന്ന ആശങ്കകള്‍.നോട്ട് നിരോധനവും തുടര്‍ന്ന് വന്ന സാമ്പത്തിക പ്രതിസന്ധിയും പ്രളയവും പേമാരിയും തകര്‍ത്തെറിഞ്ഞ ജീവിതത്തിലേക്കാണ് അപ്രതീക്ഷിതമായി കോവിഡ് എന്ന മഹാമാരി പെയ്തിറങ്ങിയത്.ഓരോ പ്രതിസന്ധികളെയും തരണം ചെയ്ത് ജീവിതം പച്ചപിടിപ്പിക്കാന്‍ സ്വപ്നങ്ങള്‍ നെയ്ത് കൂട്ടിയ ആയിരങ്ങള്‍ ഇപ്പോഴും ദിശയറിയാതെ നീന്തുകയാണ്.പലരും ആത്മഹത്യയില്‍ അഭയം പ്രാപിച്ചു.ഒരു പക്ഷെ കൊറോണ വന്ന് മരിച്ചവരെക്കാള്‍ ഏറെയാണ് ഭയപ്പാട് മൂലം ഹൃദയം തകര്‍ന്ന് മരിച്ചവരും പ്രതിസന്ധികളെ തരണം ചെയ്യാന്‍ കഴിയാതെ ആത്മഹത്യയില്‍ അഭയം പ്രാപിച്ചവരും.ജീവതം വഴിമുട്ടി ബാധ്യതകള്‍ തലക്ക് മുകളില്‍ കയറി ജീവിതം എങ്ങിനെ അവസാനിപ്പിക്കണം എന്ന വഴി തേടുന്നവര്‍ക്ക് മുന്നിലേക്കാണ് ഭീതി വിതച്ച് കോവിഡിന്റെ രണ്ടാം വരവ്.ഓരോ പ്രതിസന്ധിയിലും ഇതിനെയും നമ്മള്‍ അതിജീവിക്കും എന്ന് നെഞ്ചും വിരിച്ച് പറഞ്ഞിരുന്ന മലയാളികളുടെ മനസും തകര്‍ന്ന് തുടങ്ങി.ലക്ഷങ്ങള്‍ വായ്പയെടുത്തും ഉറക്കമൊഴിച്ചും പടിച്ച് വലിയ നിലയിലത്തെണം നല്ലൊരും ജോലി നേടണം തുടങ്ങിയ നിരവധി സ്വപ്നങ്ങള്‍ നെയ്തു കൂട്ടിയ വിദ്യാര്‍ത്ഥികള്‍ പലരും തകര്‍ന്ന സ്വപ്നങ്ങളെ താലോലിച്ച് എന്തെങ്കിലും ജോലി കിട്ടിയാല്‍ വീട്ടിലെ ദാരിദ്ര്യത്തിന് അറുതി വരുത്താമെന്ന ചിന്തയിലേക്ക് മാറിചിന്തിച്ചു തുടങ്ങിയിരിക്കുന്നു.ബസ്സ്,ലോറി,ഓട്ടോ ടാക്സി  തൊഴിലാളികള്‍ പലരും വാഹനങ്ങളുടെ അടവ്,ടാക്സ്,ഇന്‍ഷൂറന്‍സ് അടക്കമുള്ള സംവിധാനങ്ങള്‍ തെറ്റിയതോടെ ജീവിതത്തിന്റെ താളവും തെറ്റിയ നിലയിലായി.റിയല്‍ എസ്റ്റേറ്റ് മേഖല നിശ്ചലമായതോടെ കണ്‍സക്ഷന്‍ മേഖലയിലും മറ്റു അനുബന്ധ കെട്ടിട നിര്‍മാണ മേഖലയിലും ജോലി ചെയ്ത് ഉപജീവനം നടത്തി വന്ന പതിനായിരക്കണക്കിന് വരുന്ന നിത്യ തൊഴിലാളികളും ഉപജീവനത്തിനായി നെട്ടോട്ടത്തിലാണ്.വ്യാപാര വ്യവസായ ശാലകളും ചെറുകിട  കച്ചവടസ്ഥാപനങ്ങളും പലതും അടച്ചു പൂട്ടി.തുറന്ന് പ്രവര്‍ത്തിക്കുന്ന പലരും പ്രതിസന്ധികള്‍ താങ്ങാന്‍ കഴിയാത്ത അവസ്ഥയിലായി.ചെറുതും വലുതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റു തൊഴിലധിഷ്ടിത സ്ഥാപനങ്ങളും പൂട്ടിയതോടെ വീട്ടിലിരിക്കേണ്ടി വന്നത്  പതിനായിരക്കണക്കിന് വരുന്ന ഉദ്ധ്യോഗാര്‍ത്ഥികളാണ്.ചെറുതും വലുതുമായ സര്‍വ്വ മേഖലയും തകര്‍ന്നിരിക്കുന്നു.പ്രതിസന്ധികളെ അതിജീവിച്ച് ജീവിതം മുന്നോട്ട് കൊണ്ട് പോവാന്‍ ശ്രമങ്ങള്‍ നടക്കുമ്പോഴും ഒരു ഭാഗത്ത് ആത്മഹത്യകളും പെരുകുകയാണ്