19 April 2024 Friday

കോഴിക്കോട് ജില്ലയിൽ ഇന്ന് സെമി ലോക്ക്ഡൗൺ; അഞ്ചിടത്ത് മെഗാ വാക്സിനേഷൻ ക്യാമ്പ്

ckmnews

കോഴിക്കോട്: ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിച്ച് ജില്ലാഭരണകൂടം. ഞായറാഴ്ചകളിൽ ജില്ലയിൽ ആൾക്കൂട്ടത്തിനും കടകൾ തുറക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. രോഗികൾ കൂടുമ്പോഴും ടെസ്റ്റ് നടത്തുന്നതിനും വാക്സീൻ വിതരണത്തിനും ജില്ല പൂർണ സജ്ജമാണെന്ന് ജില്ലാകളക്ടർ സാംബശിവ റാവു പറഞ്ഞു. ജില്ലയിലെ ആശുപത്രികളിൽ പുതുതായി 500 കിടക്കകൾ കൂടി സജ്ജമാക്കിയിട്ടുണ്ടെന്നും ഹോം ഐസൊലേഷനിലുള്ളവരെ പരിശോധിക്കാനുള്ള നടപടികൾ കർശനമാക്കിയെന്നും ജില്ലാകളക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഞായറാഴ്ച ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കൊണ്ട് ശനിയാഴ്ച രാത്രിയോടാണ് കോഴിക്കോട് ജില്ലാ കളക്ടർ ഉത്തരവിട്ടത്. ലോക്ക് ഡൌണിനോളം കടുപ്പമില്ലെങ്കിലും ഒരു പാതി ലോക്ക് ഡൌണിനോളം ശക്തമായ നിയന്ത്രണങ്ങളാവും ഇനിയുള്ള ഞായറാഴ്ചകളിൽ കോഴിക്കോട് ജില്ലയിലുണ്ടാവുക. പൊതുജനങ്ങൾ അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്ന് കളക്ടറുടെ ഉത്തരവിൽ പറയുന്നുണ്ട്. അഞ്ച്പേരിൽ കൂടുതൽ കൂട്ടം കൂടരുത്, അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ 7 മണി വരെ മാത്രമേ പ്രവർത്തിക്കാവൂ, ആരോഗ്യമേഖലയിൽപ്പെട്ട സ്ഥാപനങ്ങൾ പ്രവർത്തിക്കും, ബീച്ച്,പാർക്ക് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല, പൊതുഗതാഗതം സാധാരണനിലയിൽ പ്രവർത്തിക്കും, അതേസമയം പി.എസ്.സി പരീക്ഷകൾ പതിവ് പോലെ നടക്കുമെന്നും കോഴിക്കോട് കളക്ടർ സാംബശിവറാവു അറിയിച്ചു.  

കോഴിക്കോട് ജില്ലയിൽ ശനിയാഴ്ച നടത്താൻ ലക്ഷ്യമിട്ടത് 20,000 കൊവിഡ് പരിശോധനകളാണ്. എന്നാൽ ജനങ്ങൾ വലിയ രീതിയിൽ സഹകരിച്ചതോടെ 23,620 പേരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കി. ഇന്ന് മാത്രം കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ 5000 പേരെ പരിശോധിക്കാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്. 

കോഴിക്കോട് നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് അഞ്ചിടത്ത് മെഗാ വാക്സിനേഷൻ ക്യാംപുകൾ നടക്കുന്നുണ്ട്. ടാഗോർ ഹാൾ, അർബ്ബൺ ഹെൽത്ത് സെന്‍റർ - വെസ്റ്റ്ഹിൽ, അർബ്ബൺ ഹെൽത്ത് സെന്‍റർ - ഇടിയങ്ങര, അർബ്ബൺ ഹെൽത്ത് സെന്‍റർ - മാങ്കാവ്, ഫാമിലി ഹെൽത്ത് സെന്‍റർ - ബേപ്പൂർ എന്നിവിടങ്ങളിലാണ് മെഗാ വാക്സിനേഷൻ ക്യാംപുകൾ നടക്കുന്നത്. 20,000 ഡോസ് കൊവിഡ് വാക്സിൻ ജില്ലയിൽ നിലവിൽ സ്റ്റോക്കുണ്ട്. തിങ്കളാഴ്ച വൈകീട്ടോടെ കൂടുതൽ വാക്സീൻ കോഴിക്കോട്ടേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശനിയാഴ്ച മാത്രം ജില്ലയിൽ 20,027 പേര്‍ക്ക് കൊവിഡ് വാക്സിൻ നൽകുന്നുണ്ട്.