28 March 2024 Thursday

കോവിഡ് രണ്ടാം ഘട്ടം:നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി പൊന്നാനി നഗരസഭ

ckmnews


പൊന്നാനി: രാജ്യത്ത് കോവിഡ് 19 ൻ്റെ  രണ്ടാം ഘട്ട വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങകയാണ് പൊന്നാനി നഗരസഭ. കോവിഡ് വ്യാപനം, അതി തീവ്ര മഴയ്ക്കുള്ള സാധ്യത എന്നിവയുടെ പശ്ചാത്തലത്തിൽ നഗരസഭാ ചെയർമാൻ വിളിച്ച് ചേർത്ത നഗരസഭാ തല ദുരന്ത നിവാരണ ധ്രുത കർമ്മ സമിതി  യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. 

ആൾക്കൂട്ടം, സാമൂഹിക അകലം പാലിക്കൽ, മാസ്ക് ധരിക്കൽ എന്നിവ പോലീസ് നേതൃത്വത്തിൽ കർശനമായി പരിശോധിക്കും. വാർഡുതല റാപ്പിഡ് റെസ്പോൺസ് ടീമുകൾ പുന: ക്രമീകരിക്കാനും സജീവമാക്കാനും വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും യോഗത്തിൽ തീരുമാനിച്ചു. കോവിഡ് നിർണയത്തിനായും, കോവിഡ് വാക്സിനേഷനായും കൂടുതൽ ക്യാമ്പുകൾ സംഘടിപ്പിക്കും.  കല്യാണങ്ങൾ മറ്റ് ആഘോഷങ്ങൾ, മതപരമായ പൊതുചടങ്ങുകൾ എന്നിവയിൽ സർക്കാർ നിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടോ എന്ന് സ്വകാഡുകൾ ഉറപ്പുവരുത്തും. രാത്രി 9 മണിക്ക് ശേഷം ഓഡിറ്റോറിയം, സിനിമാ തിയേറ്റർ, ബാർ, ടർഫുകൾ ഉൾപ്പെടെ അടക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും ധാരണയായി.പൊന്നാനി ഹാർബറിലുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കുന്നതിനും പൊന്നാനി ബീച്ച്, കർമ്മ റോഡ് എന്നിവിടങ്ങളിലെ ആൾക്കൂട്ടം നിയന്ത്രിക്കുന്നതിനും യോഗത്തിൽ ധാരണയായി.

 നഗരസഭാ ഓഫീസിൽ വെച്ച് നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ച ആർ.ആർ.ടി യോഗത്തിൽ ജനപ്രതിനിധികൾ, വിവിധ സർക്കാർ വകുപ്പ് പ്രതിനിധികൾ, ആരോഗ്യ വകുപ്പ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. രോഗ വ്യാപന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുമായി മുഴുവനാളുകളും സഹകരിക്കണമെന്ന് ചെയർമാൻ അഭ്യർത്ഥിച്ചു..