25 April 2024 Thursday

തൃശൂര്‍ പൂരം: എത്രപേര്‍ക്ക് പ്രവേശിക്കാം, നിയന്ത്രണങ്ങള്‍ എങ്ങനെയൊക്കെ?

ckmnews

പൂരത്തിനു തേക്കിന്‍കാട് മൈതാനിയിലും സ്വരാജ് റൗണ്ടിലുമായി 16,000 പേര്‍ക്കു വരെ സുരക്ഷിതമായി നില്‍ക്കാനാവുമെന്ന് കലക്ടര്‍ റിപോര്‍ട് നല്‍കി. ഇത്രയും പേര്‍ മൈതാനിയില്‍ പ്രവേശിച്ചാലും കനത്ത തിരക്കായി അത് അനുഭവപ്പെടില്ലെന്നാണ് കരുതുന്നത്. വടക്കുന്നാഥ ക്ഷേത്രവും തേക്കിന്‍‍കാട് മൈതാനവും സ്വരാജ് റൗണ്ടും ഉള്‍പെടുന്ന സ്ഥലം 64 ഏകെര്‍ സ്ഥലമാണ്.

പൂരനഗരിയിലേക്ക് എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് ആണെന്ന സാക്ഷ്യപത്രമോ വാക്സീന്‍ എടുത്തതിന്റെ സാക്ഷ്യപത്രമോ വേണം.

റൗണ്ടിലേക്കുള്ള പല പോയിന്റുകളിലായി പൊലീസ് സെര്‍ടിഫികറ്റ് പരിശോധനകള്‍ നടത്താനും തീരുമാനിച്ചു. പൂരപ്പറമ്ബില്‍ 10 വയസ്സില്‍ താഴെയുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രവേശനമില്ല.

നഗരത്തില്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്കു സൗകര്യം ലഭിക്കാത്ത സാഹചര്യമില്ലെന്ന് ഡിഎംഒ ഡോ. കെ ജെ റീന അറിയിച്ചു. നാളെ മുതല്‍ 3 ദിവസം പരിശോധനാ ക്യാംപുകള്‍ നടത്തുന്നുണ്ട്. മറ്റു ജില്ലകളില്‍ നിന്നെത്തുന്നവര്‍ അവിടെ നിന്ന് പരിശോധന പൂര്‍ത്തിയാക്കി സാക്ഷ്യപത്രവുമായി വരും എന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് പാസ് നേടുന്ന അത്രയും പേര്‍ നഗരത്തില്‍ നിന്നു തന്നെ പരിശോധന പൂര്‍ത്തിയാക്കേണ്ടവരാണെന്ന ധാരണയ്ക്ക് അടിസ്ഥാനമില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വാദം.

വാക്സീന്‍ ഡോസ് എടുത്തതിന്റെ സാക്ഷ്യപത്രം ഉള്ളവര്‍ക്കും വരാം. പക്ഷേ, വാക്സീന്‍ സ്വീകരിച്ച്‌ ആന്റിബോഡി ഉല്‍പാദിപ്പിക്കപ്പെടാനുള്ള സമയം ഉണ്ടായിരിക്കണം. വാക്സീന്‍ സാക്ഷ്യപത്രത്തിനായി തലേന്നു പോയി വാക്സീന്‍ സ്വീകരിച്ച്‌ പാസ് നേടുന്നത് ഒഴിവാക്കണം. ഇക്കാര്യത്തില്‍ ആളുകള്‍ വിവേചനബുദ്ധി കാണിക്കണമെന്നും കലക്ടര്‍ പറഞ്ഞു.