20 April 2024 Saturday

തൃശ്ശൂര്‍ പൂരത്തിന് നാളെ കൊടിയേറും

ckmnews

തൃശ്ശൂർ: തൃശ്ശൂര്‍ പൂരത്തിന് നാളെ കൊടിയേറും. പൂരത്തില്‍ 36 മണിക്കൂര്‍ നീളുന്ന ചടങ്ങുകളും ആചാരങ്ങളും ഏറെ പ്രധാനമാണ്. കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടങ്ങിവെച്ച പൂരത്തിന് 224 വയസ്സ് പിന്നിട്ടിട്ടും ഇത് അണുവിട തെറ്റിയിട്ടില്ല.

നെയ്തലക്കാവ് ഭഗവതി  തെക്കേ ഗോപുര വാതില്‍ തള്ളിതുറക്കുന്നതോടെയാണ് മണിക്കൂറുകൾ നീളുന്ന തൃശൂര്‍ പൂരത്തിൻെ ചടങ്ങുകള്‍ക്ക് തുടക്കമാകുന്നത്.വെയിലേല്ക്കാതെ വേണം കണിമംഗലം ശാസ്താവ് വടക്കുംനാഥനിലെത്താൻ എന്നാണ് വിശ്വാസം. കണിമംഗലം ശാസ്താവിന് പിറകെ മറ്റു ഘടകപൂരങ്ങളും ശ്രീമൂലസ്ഥാനത്ത് ഉച്ചയ്ക്ക് 1.30 വരെ എത്തിക്കൊണ്ടിരിരിക്കും. രാവിലെ 7.30ക്കാണ് തിരുവമ്പാടി വിഭാഗത്തിൻറെ പുറത്തേക്കെഴുന്നള്ളിപ്പ്

മറ്റൊരു ആകര്‍ഷകമായ ചടങ്ങാണ് പഞ്ചവാദ്യത്തിൻറെ അകമ്പടിയോടെ നടക്കുന്ന മഠത്തില്‍വരവ്. മേളാസ്വാദകരെ ആനന്ദത്തിലാറാടിക്കുന്ന ഇലഞ്ഞിത്തറമേളം നടക്കുന്നത് ഇലഞ്ഞിമരച്ചോട്ടിലാണ്. പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തില്‍ 250 ഓളം കലാകാരൻമാര്‍ ഈ മേളവിസ്മയത്തില്‍ പങ്കെടുക്കും. ഇലഞ്ഞിത്തറമേളവും മഠത്തിൽ വരവും കഴിഞ്ഞ് കുടമാറ്റത്തിനായി പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങള്‍ വടക്കുംനാഥനിലെ തെക്കോഗോപുരനടയിലൂടെ പുറത്തിറങ്ങിവരുന്നതാണ് തെക്കോട്ടിറക്കം.

രാത്രിയിലെ പഞ്ചവാദ്യം, പുലർച്ചെയുള്ള പ്രധാന വെടിക്കെട്ട്‌, പിറ്റേന്നു നടക്കുന്ന പകൽപ്പൂരം, പകൽപ്പൂരത്തിന് ശേഷമുള്ള വെടിക്കെട്ട്,ഉപചാരം ചൊല്ലിപ്പിരിയൽ എന്നിവയാണ് പ്രധാന ചടങ്ങുകൾ.