23 April 2024 Tuesday

ആശങ്കയേറുന്നു; രണ്ട് ലക്ഷം കടന്ന് പ്രതിദിന കോവിഡ് രോഗികള്‍

ckmnews

ആശങ്കയുയര്‍ത്തി രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 1038 മരണവും 2,00,739 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് സ്ഥിരീകരിച്ച ശേഷം ഇതാദ്യമായാണ് രണ്ട് ലക്ഷം കടക്കുന്നത്.

ഇതോടെ ഇന്ത്യയില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1,40,74,564 ആയി ഉയര്‍ന്നു. രോഗമുക്തരായത് 1,24,29,564 പേരാണ്. രാജ്യത്ത് ഇപ്പോഴും 14,71,877 സജീവ കേസുകളുണ്ട്.

മഹാരാഷ്ട്രയിലാണ് സ്ഥിതി ഏറ്റവും ഗുരുതരമായി തുടരുന്നത്. ബുധനാഴ്ച മാത്രം 60,000ത്തിന് മുകളില്‍ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇതുവരെ രാജ്യത്ത് കോവിഡ് പിടിപെട്ട് മരിച്ചത് 1,73,123 പേരാണ്. ഇതുവരെ 11 കോടിയിലേറെ പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.അതേസമയം രാജ്യത്ത് വാക്‌സിന്‍ ഇറക്കുമതി തീരുവ എടുത്ത് കളഞ്ഞേക്കും. വാക്‌സിന്‍ ഇറക്കുമതി ഊര്‍ജിതമാക്കി പരമാവധി പേരെ വാക്‌സിനേറ്റ് ചെയ്യുന്നതിന്റെ ഭാഗമായിട്ടാണിത്. നിലവില്‍ വാക്‌സിനുകളുടെ കസ്റ്റംസ് തീരുവ 10 ശതമാനമാണ്.


കേരളത്തിലും വാക്സിന്‍ ക്ഷാമം തുടരുകയാണ്. കോവീഷീല്‍ഡ് വാക്സീന് എറണാകുളം ഉള്‍പ്പടെയുള്ള ജില്ലകളില്‍ ക്ഷാമം നേരിടുകയാണ്. ഇതോടെ സംസ്ഥാനത്ത് പല ജില്ലകളിലേയും മെഗാ വാക്സിനേഷന്‍ മുടങ്ങും.

കഴിഞ്ഞ ദിവസം രണ്ട് ലക്ഷം വാക്സിന്‍ എത്തിയെങ്കിലും തുടര്‍ലഭ്യതയുടെ കാര്യത്തില്‍ ഉറപ്പില്ലാത്തതിനാല്‍ മെഗാ വാക്സിനേഷന് ഉപയോഗിക്കില്ല. ഇതോടെ കോവീഷീല്‍ഡ് രണ്ടാം ഡോഡ് കുത്തിവെപ്പ് എടുക്കാനും സാധിക്കില്ല. ഇന്ന് വൈകിട്ടോടെ വാക്സീന്‍ എത്തുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. വാക്സീനെത്തിയാല്‍ നാളെ തന്നെ മെഗാ വാക്സീനേഷന്‍ ക്യാമ്ബുകള്‍ ആരംഭിക്കും.

വാക്സിനേഷന്‍ ദ്രുതഗതിയിലാക്കി വ്യാപനതോത് കുറക്കുകയാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യം. ചൊവ്വാഴ്ച രണ്ടരലക്ഷത്തിലധികം പേര്‍ക്കാണ് വാക്സിനേഷന്‍ നടത്തിയത്. എന്നാല്‍ വാക്സീന്‍ ക്ഷാമം നേരിട്ടതോടെ ബുധാഴ്ച അത് ഒന്നരലക്ഷമായി ചുരുങ്ങി.