16 April 2024 Tuesday

വിജിലൻസ് റെയ്ഡ്:കെ.എം. ഷാജിയുടെ വീട്ടിൽ അരക്കോടി രൂപ കണ്ടെത്തി

ckmnews

വിജിലൻസ് റെയ്ഡ്:കെ.എം. ഷാജിയുടെ വീട്ടിൽ അരക്കോടി രൂപ കണ്ടെത്തി


കണ്ണൂർ∙ കെ.എം.ഷാജി എംഎല്‍എയുടെ കണ്ണൂരിലെ വീട്ടില്‍നിന്നും വിജിലൻസ് 50 ലക്ഷം രൂപ കണ്ടെത്തി. അനധികൃത സ്വത്ത് സമ്പാദനകേസിൽ കെ.എം. ഷാജിക്കെതിരെ വിജിലൻസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി എംഎൽഎയുടെ കോഴിക്കോട് മാലൂർ കുന്നിലെയും കണ്ണൂർ ചാലാടിലേയും വീടുകളിൽ ഒരേസമയം വിജിലൻസ് റെയ്ഡ് നടത്തി. കെ.എം. ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 


തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് വിജിലൻസ് എസ്പി ശശിധരന്‍റെ നേതൃത്വത്തിലുള്ള പ്രത്യക സംഘം കെ.എം. ഷാജിയുടെ മാലൂർകുന്നിലെ വീട്ടിലെത്തിയത്. ഒന്നര മണിക്കൂറോളം പുറത്ത് പരിശോധന നടത്തിയ സംഘം പിന്നീട് അകത്തേയ്ക്ക് കയറി. ഈ സമയമെല്ലാം റെയ്ഡ് വീക്ഷിച്ച് കെ.എം. ഷാജിയും വീടിന് പുറത്തുണ്ടായിരുന്നു.



കെ.എം.ഷാജി (ഇടത്), ഷാജിയുടെ വീട്ടിൽ റെയ്ഡ് നടത്തുന്ന വിജിലൻസ് സംഘം (വലത്)

കണ്ണൂർ ചാലോടിലും ഇതേസമയം വിജിലൻസിന്റെ മറ്റൊരു സംഘം പരിശോധന ആരംഭിച്ചു. പ്രധാനമായും കെ.എം ഷാജിയുടെ സാമ്പത്തിക ഇടപാടുകളെപ്പറ്റി കൂടുതൽ വിവരങ്ങൾ തേടുകയാണ് ലക്ഷ്യം. 2012 മുതൽ 2021 വരെയുള്ള 9 വർഷ കാലഘട്ടത്തിൽ കെ.എം. ഷാജിക്ക് 166 ശതമാനം അധിക വരുമാനം ഉണ്ടായെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.


അഭിഭാഷകനായ എം.ആർ. ഹരീഷ് നൽകിയ പരാതിയിൽ ആണ് ഷാജിക്കെതിരെ കേസ് എടുക്കാൻ വിജിലൻസ് കോടതി അനുമതി നൽകിയത്. കോഴിക്കോടുള്ള ഷാജിയുടെ വീട് നേരത്തെയും വിവാദത്തിലായിരുന്നു. കോർപറേഷനിൽ നൽകിയ പ്ലാനിനേക്കാൾ വലിയ വീട് നിർമാണം നടത്തിയെന്നായിരുന്നു അന്നുയർന്ന പരാതി.  ഭാര്യയുടെ പേരിലുള്ള ഈ വീടുമായി ബന്ധപ്പെട്ട് പിഴയടയ്ക്കാൻ ഷാജിക്ക് കോർപറേഷൻ നിർദേശം നൽകിയിരുന്നു.